കൊച്ചി: വയനാട് മുട്ടിൽ മരം മുറിക്കേസ് അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ ഹൈകോടതിയിൽ. മുട്ടിൽ സൗത്ത് വില്ലേജിൽനിന്ന് സർക്കാർ അനുമതിയില്ലാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ മുറിച്ചുകടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ നൽകിയ ഹരജിയിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. തുടർന്ന് ഹരജിയിലെ തുടർനടപടികൾ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അവസാനിപ്പിച്ചു.
അതേസമയം, കുറ്റപത്രം നൽകിയ ശേഷം ഹരജിക്കാർക്ക് ആവശ്യമെങ്കിൽ പുതിയ ഹരജിയുമായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. 2020 നവംബർ, ഡിസംബർ, 2021 ജനുവരി മാസങ്ങളിൽ പ്രതികൾ എട്ടുകോടി വിലവരുന്ന 104 ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. ഹരജിക്കാരടക്കം 68 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
റോജിയുൾപ്പെടെ പ്രതികൾ മുട്ടിൽ വില്ലേജിലെ വാഴവറ്റ, കുപ്പാടി, മേലേ കവല തുടങ്ങിയ മേഖലകളിലെ ഭൂവുടമകളെ സമീപിച്ച് ഈട്ടിത്തടി വെട്ടാൻ സർക്കാർ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. ഭൂവുടമകളെ കബളിപ്പിച്ചതാണെന്ന് കണ്ടെത്തിയതോടെ പ്രതിപ്പട്ടികയിൽനിന്ന് ഇവരെ ഒഴിവാക്കി. നിലവിൽ 12 പ്രതികളാണുള്ളത്. അതേസമയം, അനുമതിയില്ലാത മരം മുറിക്കാമെന്ന സർക്കാറിന്റെ സർക്കുലറിനെ തുടർന്നാണ് മരങ്ങൾ മുറിച്ചുനീക്കിയതെന്നും കേസ് ദുരുദ്ദേശ്യപരമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.