കൊച്ചി: കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കാനും കരാറുകാരുടെ കുടിശ്ശിക നൽകാനും 40 കോടി രൂപ ബാങ്ക് വായ്പയെടുക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ഇതിൽ എറണാകുളം മറൈൻഡ്രൈവിലെ പുതിയ കോർപറേഷൻ കെട്ടിടത്തിന്റെ നിർമാണത്തിന് 30 കോടി രൂപയാണ് ചെലവഴിക്കുക.
പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തി. മൂന്നു മാസം കൂടുമ്പോൾ പ്രവർത്തന പുരോഗതി കൗൺസിലിനെ അറിയിക്കണമെന്നും സെക്രട്ടറി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മേയർ എം. അനിൽകുമാർ നിർദേശം നൽകി. ഇതിനിടെ പുതിയ ഓഫിസിനു വേണ്ടി ഇത്രയും തുക ചെലവഴിക്കാനും വായ്പയെടുക്കാനുമുള്ള തീരുമാനത്തോട് വിയോജിപ്പ് അറിയിച്ച് യു.ഡി.എഫ് കൗൺസിലർമാർ മേയർക്ക് കത്ത് നൽകി.
40 കോടി രൂപ വായ്പയെടുക്കാനുള്ള നീക്കം കോർപറേഷനെ കടക്കെണിയിലാക്കുമെന്നും അടുത്ത 10 വർഷത്തെ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വായ്പയെടുക്കുന്നതിനു പകരം സംസ്ഥാന സർക്കാറിൽനിന്നും ലഭിക്കാനുള്ള 250 കോടി രൂപ വാങ്ങിയെടുക്കണമെന്ന് ഹെൻട്രി ഓസ്റ്റിൻ പറഞ്ഞു. ആസ്ഥാനമന്ദിര നിർമാണവുമായി ബന്ധപ്പെട്ട കൃത്യമായ റിപ്പോർട്ട് കൗൺസിലിൽ അവതരിപ്പിക്കണമെന്ന് സി.പി.ഐ കൗൺസിലർ സി.എ. ഷക്കീർ പറഞ്ഞു. ബാങ്ക് വായ്പയെടുക്കാനുള്ള തീരുമാനത്തെ ബി.ജെ.പി കൗൺസിലർമാരും എതിർത്തു.
വായ്പ തിരിച്ചടവായ 40 ലക്ഷം രൂപ എല്ലാ മാസവും എങ്ങനെ തിരിച്ചടക്കുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്ന് എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു. കോർപറേഷന് പ്രതിമാസം അഞ്ചുകോടിയാണ് വരുമാനം ലഭിക്കുന്നത്. ഒരു വരുമാനവും ലഭിക്കാത്ത കെട്ടിടത്തിനുവേണ്ടി പണം ചെലവഴിക്കുന്നത് കോർപറേഷനെ കടക്കെണിയിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.