ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. കാസ എന്ന ക്രൈസ്തവ തീവ്രസംഘടനയുടെ പതാക കാർണിവൽ കമ്മിറ്റി ചെയർപേഴ്സൻകൂടിയായ സബ് കലക്ടർ കെ. മീര ഉയർത്തിയതാണ് ആദ്യ വിവാദം.
കഴിഞ്ഞ വർഷം പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ സാദൃശ്യമുണ്ടെന്ന പ്രചാരണം വിവാദത്തിന് ഇടനൽകിയിരുന്നു. ഇക്കുറിയും പാപ്പാഞ്ഞി വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്. ഗാലാഡി ഫോർട്ട്കൊച്ചി എന്ന സംഘടന ഫോർട്ട്കൊച്ചി വെളി മൈതാനത്ത് ഒരുക്കിയ കൂറ്റൻ പാപ്പാഞ്ഞിയെ മാറ്റണമെന്ന സബ് കലക്ടറുടെ ഉത്തരവാണ് വിവാദത്തിന് കാരണം. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സബ് കലക്ടറുടെ നടപടി. എന്നാൽ, പാപ്പാഞ്ഞിയെ നീക്കില്ലെന്ന തീരുമാനത്തിലാണ് ഭാരവാഹികൾ.
ബി.ജെ.പിയുടെ പരാതിയിൽ ഗവർണറും തൊപ്പിയും എന്ന നാടകത്തിന് അവതരാണുനുമതി നിഷേധിച്ച സബ് കലക്ടറുടെ നടപടിയാണ് മറ്റൊന്ന്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് വിമർശനം.
ഇതിനെതിരെ ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം സബ് കലക്ടർ ഓഫിസിലേക്ക് മാർച്ച് നടത്തുകയും ഉത്തരവിന്റെ പകർപ്പ് കത്തിക്കുകയും ചെയ്തിരുന്നു. ഇതേ നാടകം രണ്ടുമാസം മുമ്പ് മട്ടാഞ്ചേരിയിൽ അവതരിപ്പിച്ചെന്നും ഇവർ പറയുന്നു.
കൊച്ചി കാർണിവല്ലിനും വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പോയവർഷം തിക്കിലും തിരക്കിലുംപെട്ട് നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ടുതന്ന അപകടങ്ങൾ ഒഴിവാക്കാൻ പൊലീസും കടുത്ത ജാഗ്രതയിലാണ്. ഫോർട്ട്കൊച്ചിയിൽ മാത്രം 1500 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സിറ്റി പൊലീസിന്റെ അതിർത്തിയിൽ ബാരിക്കേഡ് വെച്ച് പരിശോധനയുണ്ടായിരിക്കും.
കൺട്രോൾ റൂം വാഹനങ്ങൾക്ക് പുറമെ, അതത് സ്റ്റേഷനുകളിലെ ടീമും പരിശോധനയുമായി രംഗത്തുണ്ടാകും. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി പരിസരവും സി.സി ടി.വി നിരീക്ഷണത്തിലായിരിക്കും. പരേഡ് മൈതാനിയിൽ 80,000 പേരെയും വെളി മൈതാനിയിൽ 40,000 പേരെയുമാണ് ഉൾക്കൊള്ളുക. നിശ്ചിത ആളുകൾ പ്രവേശിച്ചുകഴിഞ്ഞാൽ പിന്നീട് ആരെയും കടത്തിവിടില്ല.
കൊച്ചി: പുതുവത്സരത്തിന് ഒരുനാൾ മാത്രം ബാക്കി നിൽക്കേ നഗരത്തിന്റെ ആഘോഷത്തിന് കൂടുതൽ തിളക്കവും പ്രഭയും പകർന്ന് മറൈൻഡ്രൈവിൽ വിനോദസഞ്ചാര വകുപ്പിന്റെ ന്യൂഇയർ ലൈറ്റ് ഷോ ആരംഭിച്ചു. വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ആദ്യമായി കൊച്ചി മറൈൻ ഡ്രൈവിലും പരിസരത്തുമാണ് ന്യൂയർ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. ജനുവരി അഞ്ചുവരെയാണ് പരിപാടി. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, കലക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ മുഖ്യാതിഥിയായി. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ. സജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സി. പ്രേംദാസ്, കോർപറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. റെനീഷ്, കൗൺസിലർ പത്മജ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.