കടലേറ്റം; രണ്ടാം ദിവസവും റോഡ് ഉപരോധിച്ചു

പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് ഉൾപ്പെടെ വടക്കൻ തീരദേശത്ത് കടൽക്ഷോഭം രൂക്ഷമായതോടെ പ്രദേശവാസികൾ രണ്ടാം ദിവസവും റോഡ് ഉപരോധിച്ച് സമരം നടത്തി.

ചൊവ്വാഴ്ച ട്വന്‍റി20യുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എം.എൽ.എയും ഇറിഗേഷൻ വകുപ്പും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപിച്ചായിരുന്നു കണ്ണമാലി പള്ളിക്ക് സമീപം റോഡ് ഉപരോധം നടത്തിയത്. കഴിഞ്ഞ ആറുദിവസമായി കടൽക്ഷോഭ ഭീഷണിയിലാണ് പ്രദേശവാസികൾ. കടലേറ്റത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ചെല്ലാനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എൽ. ജോസഫി‍െൻറ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് സമരത്തിന് എത്തിയത്.

പഞ്ചായത്തംഗങ്ങളായ ജിൻസൺ, ജിബിൻ പാലക്കൽ, ജോമോൻ, ആൻസി, ഷിബ എന്നിവർ സമരത്തിൽ പങ്കെടുത്തു. സ്ത്രീകൾ അടക്കമുള്ളവർ റോഡിൽ കുത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പഞ്ചായത്ത് പ്രസിഡന്‍റിനെ പൊലീസ് വലിച്ചുകൊണ്ടുപോയത് പ്രതിഷേധത്തിന് ഇടയാക്കി. പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു. ഫൊറോന പള്ളി വികാരി ഫാ. ജോപ്പൻ അണ്ടിശ്ശേരിയിൽ സമരം ഉദ്ഘാടനം ചെയ്തു.

കടൽക്ഷോഭം ശക്തമായി തുടരുന്നു

പള്ളുരുത്തി: കാലവർഷപ്പെയ്ത്ത് ശക്തമായതോടെ ചെല്ലാനം പഞ്ചായത്തി‍െൻറ വടക്കൻ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി. തീരത്തോട് ചേർന്നുള്ള നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കണ്ണമാലി, വാട്ടർ ടാങ്ക്, ചെറിയ കടവ്, മൂർത്തീ ക്ഷേത്രം, മാനാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് കടൽക്ഷോഭം ശക്തമായി അനുഭവപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് തിരമാലകൾ പതിയെ ഉയർന്ന് മണിക്കൂറുകൾക്കകം ശക്തമായ കടൽക്ഷോഭമായി മാറിയത്. കടൽഭിത്തി കടന്ന് തിരമാലകൾ തീരത്തേക്ക് കുത്തിയൊഴുകി. ഇതോടെ റോഡുകൾ തോടായി മാറി. വീട്ടുപകരണങ്ങളും കടൽവെള്ളം കയറി നശിച്ച നിലയിലാണ്.

കടൽവെള്ളം കണ്ണമാലി പ്രധാന റോഡു വരെ എത്തിയത് ഗതാഗതക്കുരുക്കിന് കാരണമായി. കഴിഞ്ഞ ആറുദിവസമായി മേഖലയിൽ കടലേറ്റം തുടരുകയാണ്. പതിവായി കടൽക്ഷോഭം ബാധിക്കുന്ന ചെല്ലാനം തെക്കൻ മേഖലകളായ ബസാർ, കമ്പിനിപ്പടി, വേളാങ്കണ്ണി ഭാഗങ്ങളിൽ കടൽ കരയിലേക്ക് കയറിയില്ല. ബസാർ തീരത്ത് കടൽഭിത്തി ഉയർത്തിയതും മറ്റു ഭാഗങ്ങളിൽ ടെട്രോ പോഡ് നിരത്തിയതും പ്രതിരോധം തീർത്തിട്ടുണ്ട്. കളത്തറ എസ്.ഡി.പി.വൈ സ്കൂൾ, കണ്ടക്കടവ് സെന്‍റ് സേവ്യേഴ്സ് സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - sea attack; The road was blocked for the second day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.