യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത്​ ജയിലിലടക്കപ്പെട്ട്​ ജാമ്യത്തിലിറങ്ങിയ മനുഷ്യാവകാശ പ്രവർത്തകർ നീതിതേടി നടത്തിയ ഉപവാസ സമരം അഡ്വ. കെ.എസ്. മധുസൂദനൻ ഉദ്​ഘാടനം ചെയ്യുന്നു

യു.എ.പി.എ ചുമത്തിയിട്ട് ഏഴുവർഷം; നീതി തേടി മനുഷ്യാവകാശ പ്രവർത്തകർ

കൊച്ചി: ഏഴു വർഷം മുമ്പ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകർ നീതിതേടി ഉപവസിച്ചു. 2015ൽ മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരായ അഡ്വ. തുഷാർ നിർമൽ സാരഥിയും ജെയ്സൻ സി. കൂപ്പറുമാണ് കുറ്റപത്രം സമർപ്പിക്കുകയോ, കേസ് റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരം നടത്തിയത്. യു.എ.പി.എപോലുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങൾ ചുമത്തിയ ശേഷം കുറ്റപത്രം സമർപ്പിക്കാതെ ജീവപര്യന്തം കുറ്റാരോപിതരെന്ന മുദ്രകുത്തി ശിക്ഷ നടപ്പാക്കുന്നതിനെതിരെ ജനാധിപത്യ ശക്തികൾ രംഗത്ത് വരണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത അഡ്വ. കെ.എസ്. മധുസൂദനൻ പറഞ്ഞു.

നീണ്ട വർഷങ്ങൾ വിചാരണ കൂടാതെ തടവറയിൽ അടക്കപ്പെട്ടവരും അതിനുള്ളിൽവെച്ച് കൊല്ലപ്പെട്ടവരും ഇപ്പോഴും തുറുങ്കിൽ തുടരുന്നവരുമായ സാമൂഹിക, രാഷ്ട്രീയ, മനുഷ്യാവകാശ പ്രവർത്തകരുടെ ജീവിതം ദുരന്തപൂർണമാണ്. കുറ്റപത്രം സമർപ്പിക്കാതെ സംശയത്തിന്റെ നിഴലിൽ നിർത്തി മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകരുടെ സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളെ തകർക്കാൻ യു.എ.പി.എ പ്രതി എന്ന അവസ്ഥ ഉപയോഗിക്കപ്പെടുന്നു. ഈ സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിന് ഇവർ നേരിടുന്ന അടിച്ചമർത്തലുകൾ തുറന്ന് കാട്ടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീപ്പിൾസ് മാർച്ച് മാസികയുടെ എഡിറ്ററായിരുന്ന പി. ഗോവിന്ദൻ കുട്ടിക്കെതിരായ യു.എ.പി.എ കേസിന് 15 വർഷവും ഞാറ്റുവേല സാംസ്കാരിക സംഘടനയുടെ പ്രവർത്തകനായ സ്വപ്നേഷ് ബാബുവിനെതിരായ കേസ് ഒമ്പതു വർഷവും പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സമാനമായ നിരവധി കേസുകളാണ് കേരളത്തിൽ കുറ്റപത്രം സമർപ്പിക്കാതെ കിടക്കുന്നതെന്നും അധ്യക്ഷത വഹിച്ച സംഘാടക സമിതി കൺവീനർ സുജ ഭാരതി പറഞ്ഞു.

എം.എൻ. രാവുണ്ണി, വി.ടി. സെബാസ്റ്റ്യൻ, സി.എ. അജിതൻ, ഗോവിന്ദൻ കുട്ടി, സ്വപ്നേഷ് ബാബു, ഡോ. പി.ജി. ഹരി, ജോളി ചിറയത്ത്, കെ.പി. സേതുനാഥ്, ബൾക്കീസ് ബാനു, അഡ്വ. നന്ദിനി, ആശാലത, ജോയ് പാവേൽ, അലൻ ഷുഹൈബ്, താഹ ഫസൽ, ജോസഫ് ജയൻ കുന്നേൽ, ക്ലീറ്റസ് പുന്നക്കൽ, സി.പി. നഹാസ്, സി.കെ. ഗോപാലൻ, ജോർജ് ബ്രൂണോ തുടങ്ങിയവർ സംസാരിച്ചു. കവി സച്ചിദാനന്ദൻ, ജെ. ദേവിക, ടി.ടി. ശ്രീകുമാർ, അഡ്വ. പ്രമോദ് പുഴങ്കര എന്നിവർ ഉപവാസസമരത്തിന് ഐക്യദാർഢ്യ സന്ദേശങ്ങൾ അയച്ചു.

Tags:    
News Summary - Seven years since UAPA was imposed; Human rights activists seeking justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.