കാക്കനാട്: സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ ആശങ്കയിലായി കാക്കനാട്ടെ ജനം. അതിവേഗ റെയിലിനായി ഏറ്റെടുക്കുന്ന ഭൂമിയിൽ തങ്ങളുടെയും ഉൾപ്പെടുമോ എന്ന ആശങ്കയാണ് ഇവർക്ക്. എറണാകുളത്തെ രണ്ട് സ്റ്റേഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാക്കനാട് ഇൻഫോപാർക്കിന് സമീപമായിരിക്കുമെന്ന് കെ-റെയിൽ എം.ഡി വി. അജിത് കുമാർ പറഞ്ഞിരുന്നു. ഇതോടെയാണ് ജനം ആശങ്കയിലായത്. അതേസമയം, ഈ ഭൂമി ഏതാണെന്ന കാര്യത്തിൽ ആർക്കും കൃത്യമായ അറിവില്ല. തങ്ങളുടെ സ്ഥലം പോകുമോ എന്ന സംശയത്തിൽ നിരവധി പേരാണ് വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടത്. അതേസമയം, ഇക്കാര്യത്തിൽ വില്ലേജ് അധികൃതർക്കും കൃത്യമായ വിവരമില്ലാതെ വന്നതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചു. ജില്ലയിൽ പദ്ധതിക്ക് ഏറ്റവും കുറച്ച് സ്ഥലം മാത്രം ഏറ്റെടുക്കേണ്ട പ്രദേശങ്ങളിലൊന്നാണ് കാക്കനാട്.
അഞ്ചോളം സർവേ നമ്പറുകളിലുള്ള സ്ഥലങ്ങൾ മാത്രമാണ് ഏറ്റെടുക്കുക. അതുകൊണ്ടുതന്നെ സംസ്ഥാന വ്യാപകമായി ശക്തമായ സിൽവർ ലൈൻ വിരുദ്ധ സമരങ്ങൾ നടക്കുമ്പോഴും കാക്കനാടുനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നില്ല. ഇൻഫോ പാർക്കിന് സമീപം സിൽവർ ലൈനിന്റെ സ്റ്റേഷനോടൊപ്പംതന്നെയാണ് കൊച്ചി മെട്രോയുടെ സ്റ്റേഷനും നിർമിക്കുക. ഒരേ കെട്ടിടത്തിൽ താഴെയും മുകളിലുമായി സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിവേഗ റെയിൽവേയിൽ കാക്കനാട് വന്നിറങ്ങുന്ന ഒരാൾക്ക് മെട്രോയിൽ കയറി നഗരത്തിൽ എവിടെയുമെത്താം എന്ന സൗകര്യം പരിഗണിച്ചാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.