പള്ളുരുത്തി: ഇടക്കൊച്ചി, പള്ളുരുത്തി മേഖലയിലെ അംഗൻവാടികളിൽ കുട്ടികൾക്ക് നൽകുന്ന ശർക്കര പൂപ്പൽ ബാധിച്ച് ഉരുകിയൊലിച്ച നിലയിൽ. നഗരസഭ കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് പരാതി ഉയർന്നതോടെ ഇവ വെള്ളിയാഴ്ച നീക്കം ചെയ്തു.
അംഗൻവാടികളിലേക്ക് ആവശ്യമുള്ളതിനെക്കാൾ അധിക സ്റ്റോക് നൽകിയത് മൂലമാണ് ശർക്കര പൂപ്പൽ ബാധിച്ചതെന്നാണ് പറയുന്നത്. അംഗൻവാടികളിൽ നിലവിലുള്ള സ്റ്റോക്കും രണ്ടു മാസത്തേക്ക് ആവശ്യമായി വരുന്ന ഭക്ഷ്യവസ്തുക്കളുടെയും അളവും അംഗൻവാടി ടീച്ചർമാർ റിപ്പോർട്ട് ചെയ്യുകയും ഇവ എത്തിച്ചു നല്‍കുകയുമാണ് പതിവ്. പക്ഷേ, പതിവിനു വിപരീതമായി കഴിഞ്ഞ തവണ ഇരട്ടിയിലേറെ ശർക്കരയാണ് പള്ളുരുത്തി, ഇടക്കൊച്ചി ഭാഗങ്ങളിലെ അംഗൻവാടികളിൽ എത്തിച്ചു നൽകിയതത്രേ. കണക്കെടുക്കാതെ സൂപ്പർവൈസർ നല്കിയ പട്ടിക അനുസരിച്ചാണ് ശിശു വികസന പദ്ധതി ഓഫിസർ ഭക്ഷ്യവസ്തുക്കൾ അംഗൻവാടികളിലേക്ക് എത്തിച്ചു നൽകിയതെന്നാണ് അറിയുന്നത്.
പല അംഗൻവാടികളിലും നൽകിയ ശർക്കര അധികമാണെന്ന് ടീച്ചർമാർ ചൂണ്ടി ക്കാണിച്ചിരുന്നെങ്കിലും രണ്ടു മാസമായി ശർക്കര തിരിച്ചെടുത്തിരുന്നില്ല. ഇതാണ് ശർക്കര പൂപ്പൽ ബാധിച്ച് നശിക്കാൻ കാരണമായത്. ഇടക്കൊച്ചി, പള്ളുരുത്തി മേഖലയിലെ നാല്പതോളം അംഗൻവാടികളിൽനിന്ന് കിലോക്കണക്കിന് മോശമായ ശർക്കരയാണ് വെള്ളിയാഴ്ച നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.