സംസ്ഥാനത്ത് യു.ഡി.എഫിന് വന്വീഴ്ച നേരിട്ടപ്പോൾപോലും അവരെ രക്ഷിച്ച മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. തങ്ങളുടെ ഉറച്ച കോട്ടയെന്നാണ് കോൺഗ്രസുകാർ വിശേഷിപ്പിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ യു.ഡി.എഫിെൻറ അത്ഭുത മണ്ഡലങ്ങളിലൊന്നാണിത്. എറണാകുളത്തിെൻറ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എൽ.ഡി.എഫിന് ഏറെയും തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തിന് പരിചിതരായ സിറ്റിങ് എം.എൽ.എ ടി.ജെ. വിനോദും പുസ്തക പ്രസാധനകനായ ഷാജി ജോർജും തമ്മിലാണ് പ്രധാന മത്സരം. എൻ.ഡി.എ സ്ഥാനാർഥി പത്മജ മേനോൻ പ്രചാരണത്തിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാൽ, മുന്നണി സ്ഥാനാർഥികളെ വരവേൽക്കുന്ന കോളനിക്കാർക്ക് പറയാനുള്ളത് ജീവിത യാഥാർഥ്യങ്ങളാണ്.
സ്ഥാനാർഥികൾക്കുമുന്നിൽ ചില മേഖലകളിൽനിന്ന് നിസ്സഹായരായ മനുഷ്യരുടെ ശബ്ദങ്ങൾ ഉയരുന്നുണ്ട്. അവരുടെ ശബ്ദംകൂടി സ്ഥാനാർഥികൾ കേൾക്കേണ്ടതുണ്ട്. ശുദ്ധവായുവും കുടിവെള്ളവും ലഭിക്കാത്തവർ, അഴുക്കു നിറഞ്ഞ ഓടകൾ, മലിനമായ അന്തരീക്ഷവായു... വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കുന്ന ഇവർക്ക് കാലാകാലങ്ങളിൽ ഏത് മുന്നണി അധികാരത്തിൽ വന്നാലും വികസനത്തിെൻറ പങ്ക് ലഭിക്കില്ലെന്ന് പറയുന്നു.
നഗരമധ്യത്തിലാണ് പി ആൻഡ് ടി കോളനി -മുല്ലശ്ശേരി കനാൽതീരത്ത്. കൊച്ചിയിലെ കൊതുകുകേന്ദ്രം കൂടിയാണിവിടം. ഇവിടെ 50 വർഷത്തിലേറെയായി താമസിക്കുന്ന ലളിത അടക്കമുള്ള സ്ത്രീകൾ ജീവിതദുരന്തങ്ങൾ അക്കമിട്ട് നിരത്തി. ഇവർക്ക് മഴയല്ല പ്രശ്നം. വേലിയേറ്റത്തിൽ ദിവസവും ഒഴുകുന്ന മാലിന്യം വീടിനകത്ത് കയറും.
കോർപറേഷൻ മാലിന്യം മുഴുവൻ ഇടുന്നത് ഈ കോളനിക്ക് മുന്നിലെ വെള്ളിപ്പറമ്പിലാണ്. സർക്കാർ സ്ഥലമായതിനാൽ ആരും എതിർക്കുന്നില്ല. കോളനിക്കാരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ഭൂമി ഏറ്റെടുെത്തന്നാണ് വിവരം. മറ്റൊരു സ്ഥലവാസിയായ സതിയുടെ ജീവിതമാണ് വളരെ ക്ലേശം. ഭർത്താവിെൻറ ഇടതുകാൽ മുട്ടിനുതാഴെ മുറിച്ചു. കഴിഞ്ഞ ഏഴുവർഷമായി കിടപ്പുരോഗിയാണ്. ഒറ്റമുറി വീട്ടിലാണ് താമസം.
കോളനിയിലെ 84 വീടുകളിൽ ഡിഗ്രിക്ക് പഠിക്കുന്ന ഏക വിദ്യാർഥി ആതിരയാണ്. ആരുജയിച്ചാലും ഈ കഷ്ടജീവിതത്തിൽനിന്ന് തങ്ങൾക്ക് മോചനമില്ലെന്ന് അവർ പറയുന്നു. ആർക്ക് വോട്ട് െചയ്യുമെന്ന് വെളിപ്പെടുത്താൻ തയാറല്ല ഈ വീട്ടമ്മമാർ.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം റെയിൽ പാളങ്ങളാൽ ചുറ്റപ്പെട്ട ട്രയാങ്കിൾ കോളനിക്കാർ പരിഹാരമില്ലാത്ത വെള്ളക്കുഴിയെക്കുറിച്ചാണ് സംസാരിക്കുന്നത്. സൗത്തിൽനിന്ന് നോർത്തിലേക്കും സൗത്തിൽനിന്ന് കോട്ടയം ഭാഗത്തേക്കും നോർത്തിൽനിന്ന് കോട്ടയത്തേക്കും പോകുന്ന റെയിൽ പാളങ്ങൾക്ക് ഇടയിലാണ് കോളനി. മഴ വന്നാൽ വെള്ളക്കുഴിതന്നെ. അതിന് പരിഹാരമുണ്ടാക്കാൻ ആർക്കങ്കിലും കഴിയുമോ എന്നാണ് അവരുടെ ചോദ്യം. ഇവിടെ ഒഴുകിവരുന്ന വെള്ളം പുറത്തേക്ക് പോകാൻ സംവിധാനമില്ല. മോട്ടോർ െവച്ച് കനാലിലേക്ക് അടിച്ചുകളയണം. അസുഖം ബാധിച്ചവരെ ആശുപത്രിയിൽ എത്തിക്കാനാണ് പെടാപ്പാട്. പ്രായമായവരെ എടുത്ത് പുറത്തുകൊണ്ടുപോവുകയാണ്.
സിനിമയോടെ കേരളത്തിൽ ശ്രദ്ധനേടിയ ഇടമാണ് കമ്മട്ടിപ്പാടം. 50 വർഷംമുമ്പ് കൃഷിചെയ്തിരുന്ന പാടശേഖരങ്ങളായിരുന്നു പ്രദേശം. എൽ.ഡി.എഫിെൻറ കേന്ദ്രമാണിവിടമെന്ന് തോന്നിപ്പിക്കുംവിധം കോളനിയിലേക്കുള്ള റോഡ് നിറയെ ചെങ്കൊടി കെട്ടിയിരുന്നു. എന്നാൽ, എല്ലാ പാർട്ടിക്കാരും കോളനിയിലുണ്ടെന്ന് അവർതന്നെ പറയുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസത്തെ കൂലിപ്പണിയാണ് കിട്ടുന്നത്. മിക്ക ദിവസവും വെറുതെയിരിക്കുകയാണ്.
വികസന പാക്കേജുകൾ ഒന്നുംകോളനിയെത്തേടി ഇതുവരെ എത്തിയിട്ടില്ല. കോളനിയിൽ മൂന്ന് മുന്നണികൾക്കും പ്രവർത്തകരുണ്ട്. ക്ഷേമ പെൻഷനും കിറ്റും ജീവിതത്തെ നിലനിർത്തിയെന്നാണ് കോളനിയിലെ ബാബുവും രവിയും സുശീലയും പറയുന്നത്. കേളനിയിൽ ഇടതുപക്ഷത്തിന് മേൽക്കൈയുണ്ടെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ആര് അധികാരത്തിൽ വന്നാലും കോളനി ജീവിതത്തിന് മാറ്റമുണ്ടാകില്ലെന്ന് ഇവിടത്തുകാർ ഒരേ സ്വരത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.