കൊച്ചി: നഗരസഭക്ക് കീഴിലെ അംഗീകൃത തെരുവുകച്ചവടക്കാരുടെ പട്ടിക രണ്ടാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്ന് ഹൈകോടതി. ഡിവിഷൻ തിരിച്ചുള്ള പട്ടിക നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദേശം നൽകിയിരിക്കുന്നത്. അംഗീകൃത തെരുവുകച്ചവടക്കാരുടെ പട്ടിക ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാൽ അനധികൃത കച്ചവടക്കാരെ കണ്ടെത്താൻ മോണിറ്ററിങ് കമ്മിറ്റി ബുദ്ധിമുട്ടുന്നതായി ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറി അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ നിർദേശം. സമയബന്ധിതമായി പട്ടിക പ്രസിദ്ധീകരിക്കണമെന്നും വീഴ്ച വരുത്തരുതെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. തെരുവുകച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളിലാണ് ഉത്തരവ്.
നഗരത്തിലെ തെരുവുകച്ചവടക്കാരിൽ ചിലർ പരിശോധനസമയത്ത് നഗരസഭ നൽകിയ തിരിച്ചറിയൽ കാർഡുകൾ മാത്രമാണ് ഹാജരാക്കിയതെന്നും ഇതു പരിശോധനയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും അമിക്കസ്ക്യൂറി അറിയിച്ചു. എന്നാൽ, അംഗീകൃത വഴിയോരക്കച്ചവടം നടത്താൻ തിരിച്ചറിയൽ കാർഡിനൊപ്പം നഗരസഭ നൽകുന്ന സർട്ടിഫിക്കറ്റും വേണമെന്ന് കോടതി വ്യക്തമാക്കി. മോണിറ്ററിങ് സമിതി ഇവരുടെ വിവരങ്ങൾ ശേഖരിച്ച് അംഗീകൃത കച്ചവടക്കാരുടെ പട്ടികയിലുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
നഗരസഭ തയാറാക്കിയ പട്ടികയിലുൾപ്പെട്ടിട്ടും പരിശോധന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന കാരണത്താൽ ലൈസൻസ് ലഭിക്കാത്തവരുണ്ടെങ്കിൽ 12 ന് രാവിലെ 11ന് പദ്ധതിയുടെ നോഡൽ ഓഫിസറായ നഗരസഭ ഡെപ്യൂട്ടി സെക്രട്ടറി മുമ്പാകെ ഹാജരാകണം. പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം ഡെപ്യൂട്ടി സെക്രട്ടറി ഇവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള പദ്ധതിക്കുവേണ്ടി കൊച്ചി നഗരസഭ തയാറാക്കിയ ബൈലോ അംഗീകരിക്കാൻ സർക്കാർ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് നഗരസഭ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.