കൊച്ചി: ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് ട്രാക്കിന് കുറുകെ ഓടിയ നാലുവയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി 8.10നാണ് സംഭവം. മലപ്പുറം സ്വദേശികളായ ദമ്പതികളും മാതാവും മൂന്നുകുട്ടികളുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാർഥം എത്തിയതായിരുന്നു. ഇതിന് ശേഷം മടങ്ങുമ്പോൾ ലിസി ഭാഗത്ത് നിന്നും നോർത്ത് റെയിൽവെ സ്റ്റേഷന്റെ തെക്കേ അറ്റത്ത് ട്രോളി പാത്തിലൂടെ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു.
പിതാവ് രണ്ട് കുട്ടികളുമായി ആദ്യം ട്രാക്ക് മുറിച്ചുകടന്നു. പിന്നാലെ മാതാവിനൊപ്പം എത്തിയ നാലുവയസ്സുകാരൻ പെട്ടന്ന് കൈവിട്ട് അച്ഛന്റെ സമീപത്തേക്ക് ഓടുകയായിരുന്നു. ഈ സമയം ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ തുടങ്ങിയിരുന്നു. ട്രെയിൻ സമീപമെത്തിയപ്പോഴാണ് കുട്ടി പെട്ടന്ന് അതിന് മുന്നിലൂടെ മറികടന്നത്. തലനാരിഴക്ക് അപകടം ഒഴിവായി. ഈ സമയം അമ്മ മറുഭാഗത്തായിരുന്നു.
കുട്ടിയും കൂടെയുണ്ടായിരുന്നവരും ഒരുപോലെ ഭയന്നുപോയി. ഉടൻ സ്ഥലത്തുണ്ടായിരുന്ന റെയിൽവേ പോർട്ടർമാരും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് എ.എസ്.ഐ കെ.ആർ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഹെഡ് കോൺസ്റ്റബിൾ എ.ആർ. സുനിൽകുമാർ, അനീഷ്തോമസ് എന്നീ ഉദ്യോഗസ്ഥരുമെത്തി. കുടുംബത്തെ സാന്ത്വനിപ്പിച്ച ശേഷം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ട്രെയിനിൽ യാത്രയാക്കി. മേൽപാലം നിർമാണം നടക്കുന്നതിനാൽ യാത്രക്കാർക്ക് ട്രാക്ക് മുറിച്ചുകടന്ന് മാത്രമേ രണ്ടു പ്ലാറ്റ്ഫോമുകളിലേക്കും എത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.