മട്ടാഞ്ചേരി: കൊച്ചിയിൽ ഇരുചക്ര വാഹനമോഷണം പെരുകിയതോടെ മുന്നറിയിപ്പുമായി പൊലീസ് രംഗത്ത്. രാപകൽ വ്യത്യാസമില്ലാതെയാണ് വാഹനമോഷണമെന്നത് പൊലീസിനെയും നാട്ടുകാരെയും അലട്ടുന്നു. പകൽസമയങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് തട്ടിയെടുക്കുന്നതെങ്കിൽ രാത്രി വീടിനുമുന്നിൽ വെക്കുന്നതുവരെ കാണാതാകുന്നു. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാനുള്ള കീബന്ധം വേർപ്പെടുത്തിയാണ് മോഷ്ടിക്കുന്നത്. ഒന്നുമുതൽ മൂന്നുലക്ഷം രൂപവരെ വിലയുള്ള ബുള്ളറ്റ്, ന്യൂജെൻ വാ ഹനങ്ങളാണ് മോഷ്ടിക്കപ്പെടുന്നവയിൽ ഏറെയുമെന്നാണ് പൊലീസ് പറയുന്നത്.
ഇരുചക്രവാഹന മോഷണവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസിൽ പരാതികൾ ഏറിയതോടെയാണ് മുന്നറിയിപ്പുമായി പൊലീസ് അസിസ്റ്റൻറ് കമീഷണർ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. കഴിഞ്ഞ ആറുമാസത്തിനകം പശ്ചിമകൊച്ചി മേഖലയിൽ പതിനാറോളം വാഹനമോഷണമാണ് റിപ്പോർട്ട് ചെയ്തത്. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളിൽ പഴക്കമേറിയവ ദിവസങ്ങൾക്കകം ആളൊഴിഞ്ഞ വഴികളിലും പറമ്പുകളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊച്ചിയിൽ വ്യാപിച്ചുവരുന്ന മയക്കുമരുന്ന് സംഘങ്ങൾ വാഹനമോഷണത്തിന് പിന്നിലുള്ളതായാണ് സംശയം. ലഹരി കടത്തിനായി വിതരണക്കാരും വിൽപനക്കാരും മോഷ്ടിക്കപ്പെട്ട ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുകയാണെന്നാണ് മറ്റൊരു വിവരം. പൊലീസ് പിടികൂടുമെന്നാകുമ്പോൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഇവർ കടന്നുകളയും. തൊണ്ടിയായി ലഭിക്കുന്ന വാഹനങ്ങളെ ചുറ്റിപ്പറ്റി അന്വേഷിക്കുമ്പോഴാണ് യഥാർഥ വാഹന ഉടമകൾ വെട്ടിലാക്കുന്നത്. വാഹന മോഷണം നടന്നാൽ പൊലീസിൽ അറിയിക്കുന്നതിൽ കാലതാമസം വരുത്തുന്നത് ഇത്തരം ഘട്ടങ്ങളിൽ പ്രശ്നങ്ങൾക്കിടയാകുകയും ചെയ്യും. രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ വാഹന ലോക്ക് കൂടാതെ ചങ്ങലയോ പ്രത്യേക സംവിധാനമോ ഉപയോഗിച്ച് പൂട്ടണമെന്നാണ് പൊലീസ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.