കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം വേണമെന്ന് ഹൈകോടതി. കാനകളിലേക്കുള്ള ജലമൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം, അതിന് പരിഹാരമായാൽ പ്രശ്നം കുറേയേറെ ഇല്ലാതാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. എറണാകുളത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് കാനകളിലേക്ക് വെള്ളമൊഴുകുന്നതിനുള്ള തടസ്സം നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
എന്നാൽ, നഗരത്തിലെ കാനകൾ മഴക്കു മുമ്പേ വൃത്തിയാക്കിയതാണെന്നും വലിയതോതിൽ മഴ പെയ്താലും കാനകൾക്ക് വെള്ളം ഉൾക്കൊള്ളാനാവുമെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നവീകരിച്ച റോഡിലെ വെള്ളം കാനകളിലേക്ക് ഒഴുകിയെത്തുന്നില്ലെന്ന് ഹരജിക്കാർ ആരോപിച്ചു. ഇത്തരമൊരു പരാതി ഇതുവരെ ഉന്നയിച്ചിരുന്നില്ലെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
നഗരത്തിലെ റോഡുകളിൽനിന്ന് കാനകളിലേക്ക് വെള്ളം ഒഴുകാനായിട്ടിരിക്കുന്ന ഓവുകളുടെ മുകളിൽ സ്ഥാപിക്കുന്ന ഇരുമ്പുമൂടികൾ സാമൂഹികവിരുദ്ധർ എടുത്തുകൊണ്ട് പോകുന്നതായി കൊച്ചി സ്മാർട്ട് മിഷൻ അഭിഭാഷകൻ അറിയിച്ചു. ഇതിനാലാണ് പല ഓവുകൾക്കും മൂടിയില്ലാതാകുന്നതെന്നും അറിയിച്ചു.
ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകണം. നഗരത്തിലെ വെള്ളക്കെട്ട് തടയാൻ നഗരസഭയും ജില്ല ദുരന്ത നിവാരണ സമിതി ചെയർമാനായ കലക്ടറും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ നഗരസഭ അറിയിക്കണം. നവീകരിച്ച റോഡിൽനിന്ന് വെള്ളം കാനയിലേക്ക് ഒഴുകിയെത്തുന്നില്ലെന്ന പരാതിയിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും റിപ്പോർട്ട് നൽകണം.
പേരണ്ടൂർ കനാലിന്റെ നവീകരണത്തിന് തടസ്സമായ റെയിൽവെ കലുങ്കിന്റെ കാര്യത്തിൽ റെയിൽവേ അധികൃതർ നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
കൊച്ചി: കനത്ത മഴയിൽ ചോർന്നൊലിച്ച് ഹൈകോടതി കെട്ടിടത്തിലെ ലെയ്സൺ ഓഫിസുകൾ. വെള്ളം കയറിയതോടെ ദുരിതത്തിലായത് പുതിയ ഹൈകോടതി വളപ്പിലുള്ള പഴയ അഡ്വക്കറ്റ് ജനറൽ ഓഫിസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റവന്യൂ, വനം വകുപ്പുകളുടെ ലെയ്‌സൺ ഓഫിസുകളിലെ ഇരുപതോളം ജീവനക്കാരാണ്.
കമ്പ്യൂട്ടറും പ്രിന്‍ററും വിലപ്പെട്ട രേഖകളുമടക്കം സംരക്ഷിക്കാൻ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. മറ്റ് ഉപകരണങ്ങളും ഫർണിച്ചറുകളും കുതിർന്ന് നശിക്കാൻ ഇടയുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. കെട്ടിടം പൊളിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നേരത്തേ നൽകിയതാണെങ്കിലും ഇവിടുത്തെ ഓഫിസുകൾ മറ്റൊരിടത്തേക്ക് മാറ്റാനാവാതെ വന്നതോടെ തുടർ നടപടിയുണ്ടായില്ല. കെട്ടിടം ചോർന്നൊലിക്കുന്നത് ചൂണ്ടിക്കാട്ടി ജീവനക്കാർ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
റവന്യൂ, വനം ലെയ്‌സൺ ഓഫിസുകൾക്ക് പുറമെ വനം വകുപ്പിലെ ഗവ. പ്ലീഡർമാരുടെ ഓഫിസും ഇതിനുള്ളിലുണ്ട്. കെട്ടിടം ശോച്യാവസ്ഥയിലായതോടെ ഓഫിസുകൾ മറ്റൊരിടത്തേക്ക് മാറ്റാൻ ഇടക്കാലത്ത് തീരുമാനിച്ചിരുന്നു. എന്നാൽ, വാടക കൂടുതലാണെന്ന കാരണത്താൽ സർക്കാർ അനുമതി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.