കോലഞ്ചേരി (കൊച്ചി): മൂന്ന് വയസ്സാകാറായ പെൺകുഞ്ഞിനെ ക്രൂര മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതര ക്ഷതവും ശരീരമാസകലം മാരക പരിക്കുകളുമേറ്റ നിലയിൽ അബോധാവസ്ഥയിലെത്തിച്ച കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ശിശുരോഗവിഭാഗം ഡോക്ടർമാരുടെ പരിചരണത്തിലുള്ള കുഞ്ഞ് അപകട നില തരണം ചെയ്തിട്ടില്ല. അടുത്ത 72 മണിക്കൂർ നിർണായകമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽനിന്ന് അറിയിച്ചതിനെ തുടർന്ന് കുഞ്ഞിനെ മർദിച്ചതിനും മാരക മുറിവുകളുണ്ടായിട്ടും ചികിത്സ വൈകിച്ചതിനും തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തൃക്കാക്കര തെങ്ങോട് വാടകക്ക് താമസിക്കുന്ന പുതുവൈപ്പ് സ്വദേശിനിയുടെ മൂന്നുവയസ്സുള്ള കുഞ്ഞിനെയാണ് ഞായറാഴ്ച രാത്രി പതിനൊന്നോടെ അമ്മയും മുത്തശ്ശിയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കിഴക്കമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിനേറ്റ ക്ഷതമാണ് സ്ഥിതി ഗുരുതരമാക്കിയതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇടതുകൈയിൽ രണ്ട് ഒടിവും ശരീരത്തിൽ പുതിയതും പഴയതുമായ ഒട്ടേറെ മുറിവുകളും പൊള്ളലേറ്റ പാടുകളുമുണ്ട്.
അടങ്ങിയിരിക്കാത്ത സ്വഭാവമുള്ള കുഞ്ഞ് ഉയരത്തിൽനിന്ന് ചാടിയപ്പോൾ പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരെ അമ്മ അറിയിച്ചത്. എന്നാൽ, ചിലർ ചേർന്ന് മർദിച്ചെന്നാണ് മുത്തശ്ശി പറഞ്ഞത്. ദേഹമാസകലം മുറിവുകളും പൊള്ളൽ പാടുകളും കൈക്ക് ഒടിവുകളും കണ്ടെത്തുകയും കൂടെ വന്നവർ പരസ്പരവിരുദ്ധ കാര്യങ്ങൾ പറയുകയും ചെയ്തതോടെയാണ് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രൂരപീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി.
കുട്ടിക്ക് ബാധ ഉപദ്രവമുണ്ടെന്നും ഈ സമയം സ്വയം മുറിവേൽപ്പിക്കുമെന്നുമുള്ള മൊഴിയാണ് അമ്മയും മുത്തശ്ശിയും നൽകിയത്.
ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ മൂന്നുപേരെ കൂടാതെ കുഞ്ഞിന്റെ അമ്മയുടെ സഹോദരിയും അവരുടെ ഭർത്താവെന്ന് പറയുന്നയാളുമാണ് വീട്ടിലുള്ളതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി മർദിച്ചതാണെന്ന സംശയവും പൊലീസിനുണ്ട്.
ദിവസങ്ങൾക്കുമുമ്പാണ് പരിക്കേറ്റതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാരക പരിക്കുകളുണ്ടായിട്ടും ചികിത്സ ലഭ്യമാക്കാതിരുന്നതിന് അമ്മക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.