ഓർത്തഡോക്സ് സഭയുടെ നിയുക്ത മെത്രാപ്പോലീത്തമാരായി തെരഞ്ഞെടുത്തവർ കാതോലിക്ക ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയോടൊപ്പം

മേൽപ്പട്ട സ്ഥാനത്തേക്ക് ഏഴ് വൈദികരെ തെരഞ്ഞെടുത്ത് ഓർത്തഡോക്സ് സഭ

കോലഞ്ചേരി: മേൽപ്പട്ട സ്ഥാനത്തേക്ക് ഏഴ് വൈദികരെ തെരഞ്ഞെടുത്ത് ഓർത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് സമാപനം. ഫാ: എബ്രഹാം തോമസ്, കൊച്ചു പറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ: റെജി വർഗീസ്, ഫാ: പി.സി. തോമസ്, ഫാ: വർഗീസ് കെ. ജോഷ്വ, ഫാ: വിനോദ് ജോർജ്, ഫാ: സഖറിയാ നൈനാൻ എന്നിവരെയാണ് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് വോട്ടിങ്ങിലൂടെ അസോസിയേഷൻ തെരഞ്ഞെടുത്തത്.

ഏഴ് സ്ഥാനത്തേക്ക് പതിനൊന്ന് വൈദീകരാണ് മത്സരിച്ചത്. യോഗ നടപടികൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകി. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഒൺലൈനായി ആരംഭിച്ച വോട്ടെടുപ്പ് അഞ്ച് മണിക്ക് അവസാനിച്ചു. 3889 അസോസിയേഷൻ അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തി. അൽമായരിൽ നിന്നും വൈദികരിൽ നിന്നും കുടുതൽ വോട്ട് ലഭിച്ച 7 പേരാണ് മേൽ പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാ. എബ്രഹാം തോമസ് (52)

പത്തനംതിട്ട മൈലപ്ര കടയ്ക്കാമണ്ണില്‍ വീട്ടില്‍ പരേതനായ കെ.എ തോമസിന്റെയും അന്നമ്മയുടെയും മകനാണ്. തുമ്പമണ്‍ ഭദ്രാസനത്തിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി ഇടവകാംഗമായ ഇദ്ദേഹം 1998ൽ ശെമ്മശപട്ടവും 199ൽ പൂര്‍ണ്ണ ശെമ്മാശന്‍ പട്ടവും നേടി. 2000 ഏപ്രില്‍ 8ന് വൈദിക പട്ടം ലഭിച്ചു. കോട്ടയം വൈദിക സെമിനാരി അസിസ്റ്റന്റ് പ്രഫസര്‍, എക്യൂമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി, കുന്നംകുളം ഭദ്രാസനത്തിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

അഡ്വ. ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ (48)

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെ. ജോര്‍ജ് ഇടവകയിലെ കൊച്ചുപറമ്പില്‍ കെ. എം. ഏലിയാസിന്റെയും പരേതയായ ഓമനയുടയും മകനാണ്. 2001ൽ ശെമ്മാശനും 2009 ഒക്ടോബര്‍ 30ന് പൂര്‍ണശെമ്മാശപട്ടവും 2009 ഡിസം. 11ന് വൈദിക പട്ടവും നേടി. കൂത്താട്ടുകുളം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, കത്തിപ്പാറത്തടം സെ. ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയായും സഭാ മാനേജിങ് കമ്മറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.

ഫാ. ഡോ.റെജി ഗീവര്‍ഗീസ് (48)

മാവേലിക്കര ഭദ്രാസനത്തിലെ മുട്ടം സെന്റ് മേരീസ് ഇടവകയിലെ കാട്ടുപറമ്പില്‍ കൊച്ചുപാപ്പിയുടെയും അമ്മിണിയുടെയും മകനാണ്. 1997ല്‍ ശെമ്മാശപട്ടം ലഭിച്ചു. 2003ല്‍ പൂര്‍ണ ശെമ്മാശപട്ടവും 2004ല്‍ വൈദിക പട്ടവും നേടി. കോട്ടയം വൈദിക സെമിനാരി അധ്യാപകനാണ്.

ഫാ. പി.സി തോമസ് (53)

ആലപ്പുഴ പുല്ലേപ്പറമ്പില്‍ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകനാണ്. കോട്ടയം ഭദ്രാസനത്തിലെ ചേന്നങ്കരി സെന്റ് തോമസ് പള്ളി ഇടവകാംഗമായ ഇദ്ദേഹം 1996ല്‍ ശെമ്മാശപട്ടവും 1999ല്‍ പൂര്‍ണശെമ്മാശപട്ടവും 1999ൽ വൈദിക പട്ടവും നേടി. നാഗ്പൂര്‍ വൈദിക സെമിനാരി അധ്യാപകനായി പ്രവര്‍ത്തിച്ചു. നിലവില്‍ കോട്ടയം വൈദിക സെമിനാരി പ്രഫസര്‍ ആയും ദിവ്യബോദനം രജിസ്റ്റാറായും വാകത്താനം പുത്തന്‍ചന്ത സെന്റ് ജോര്‍ജ് പളളി വികാരിയായും പ്രവര്‍ത്തിക്കുകയാണ്.

ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ (50)

തുമ്പമണ്‍ ചെന്നീര്‍ക്കരയില്‍ കിഴക്കേമണ്ണില്‍ വീട്ടില്‍ പി.സി. ജോഷ്വായുടെയും പി. സി. മേരിക്കുട്ടിയുടെയും മകനാണ്. തുമ്പമണ്‍ ഭദ്രാസനത്തിലെ സെന്റ് മേരീസ് കാദീശ്താ പളളി ഇടവകാംഗമായ ഇദ്ദേഹം 2001ല്‍ ശെമ്മാശപട്ടവും, 2002ല്‍ വൈദികപട്ടവും നല്‍കി. സോപാനം അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പൊങ്ങന്താനം സെന്റ് തോമസ് പളളി വികാരിയായി പ്രവര്‍ത്തിക്കുകയാണ്.

ഫാ. വിനോദ് ജോര്‍ജ് (49)

ആറാട്ടുപുഴ മാലേത്ത് വീട്ടില്‍ എം.ജി. ജോര്‍ജിന്റെയും അക്കാമ്മായുടെ മകനായ ഇദ്ദേഹം ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ ആറാട്ടുപുഴ സെന്റ് മേരീസ് പളളി ഇടവകാംഗമാണ്. 1999 ൽശെമ്മാശപട്ടവും, 2000 മെയ്് 17ന് വൈദിക പട്ടവും ലഭിച്ചു. മദ്രാസ് അരമന മാനേജര്‍, വെട്ടിക്കല്‍ ദയറാ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പരുമല സെമിനാരി മാനേജരായി പ്രവര്‍ത്തിക്കുകയാണ്.

ഫാ. സഖറിയാ നൈനാന്‍ (43)

സി. ജോണ്‍ കോറെപ്പിസ്‌കോപ്പായുടെയും ലിസ്സിയുടെയും പുത്രനായ ഇദ്ദേഹം കോട്ടയം ഭദ്രാസനത്തിലെ വാകത്താനം സെന്റ് മേരിസ് പളളി ഇടവകാംഗമാണ്. 2006 ല്‍ പൂര്‍ണ്ണ ശെമ്മാശപട്ടവും, വൈദിക പട്ടവും നല്‍കി. വൈദിക സംഘം ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ വാകത്താനം മാര്‍ ഗ്രീഗോറിയോസ് പളളി വികാരിയായും, മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

Tags:    
News Summary - The Orthodox Church elects seven priests to the top position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.