കോതമംഗലം: വെള്ളപ്പൊക്ക ഭീതിക്ക് കാരണമായ കോതമംഗലം കുരൂർ തോട്ടിലെ ചെക്ക് ഡാം വ്യാപാരികൾ പൊളിച്ചുനീക്കി.തടയണ പൊളിച്ചുനീക്കി വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങാതെ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി നിരന്തരം അധികാരികളെ സമീപിച്ചെങ്കിലും അനുകൂല നടപടി വൈകുന്ന സാഹചര്യത്തിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ ഭാരവാഹികളുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയത്.
സമിതി സെക്രട്ടറി മൈതീൻ ഇഞ്ചക്കുടി, യൂനിറ്റ് ട്രഷറർ പ്രസാദ് പുലരി, യൂത്ത് വിങ് മേഖല പ്രസിഡൻറ് ഷെമീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ തടയണ പൊളിക്കൽ ആരംഭിച്ചു, പൊളിച്ചുകൊണ്ടിരിക്കെ മുനിസിപ്പാലിറ്റി എൻജിനീറിങ് വിഭാഗം വന്ന് വെള്ളം കൂടുതലാണ് അടുത്തയാഴ്ച തടയണ പൊളിക്കാമെന്ന് പറഞ്ഞു മടങ്ങി. എന്നാൽ, ഒരു മണി കഴിഞ്ഞപ്പോൾ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും സ്റ്റാൻഡിങ് ചെയർമാൻ കെ.എ. നൗഷാദും തടയണ പൊളിക്കുന്ന വ്യാപാരികളെ സഹായിക്കാനെത്തി ചേർന്നു. തുടർന്ന് എല്ലാവരുടെയും കൂട്ടായ ശ്രമഫലമായി തടയണ പൊളിച്ചുമാറ്റി.
കാലവർഷം കനക്കും മുമ്പേ കോതമംഗലം പാറത്തോട്ട് കാവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തടയണ നീക്കം ചെയ്യണമെന്നതായിരുന്നു ആവശ്യം. ഡാമുകൾ തുറന്നുവിടുമ്പോൾ വരുന്ന അധികജലം തടയണയിൽ തങ്ങി നഗരം വെള്ളത്തിലാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് അധികാരികളോട് അടിയന്തരമായി തടയണ നീക്കം ചെയ്യണമെന്ന് വ്യാപാരി സമൂഹം ആവശ്യപ്പെട്ടത്.
സാധാരണ നിലയിൽ കാലവർഷം തുടങ്ങുന്നതിനു മുമ്പ് തടയണ പൊളിച്ചുനീക്കുന്നതാണ്, 2018ൽ തടയണ മാറ്റാൻ മുനിസിപ്പാലിറ്റി മറന്നുപോകുകയും വെള്ളപ്പൊക്കം വന്നപ്പോൾ പെെട്ടന്ന് വെള്ളം കയറി വ്യാപാരികൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടായി, ഈ വർഷം ന്യൂനമർദം രൂപപ്പെട്ടതിനാൽ അതിശക്തമായ മഴ പെയ്യുകയും തടയണ നിറയുകയും ചെയ്തു, ഇതിനെ തുടർന്നാണ് വ്യാപാരികൾ സംഘടിച്ചെത്തി തടയണ നീക്കത്തിന് മുൻകൈ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.