കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ പ്രമേയമാക്കി ഒരുക്കിയ 'മരട് 357' സിനിമയുമായി ബന്ധപ്പെട്ട് കോടതിയെ ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അണിയറപ്രവർത്തകർ. ഇത് ഫ്ലാറ്റുടമകൾക്കോ നിർമാതാക്കൾക്കോ എതിരായ സിനിമയല്ല. സംഭവവുമായി ബന്ധപ്പെട്ട പുറംലോകമറിയാതെപോയ പലരുടെയും വേദനകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും ബിൽഡറെയോ ഫ്ലാറ്റുടമകളെയോ സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആളുകളെ നേരിൽകണ്ടാണ് കഥ തയാറാക്കിയത്.
ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ചേർത്തുവെച്ച് സ്വന്തമാക്കിയ ഫ്ലാറ്റ് പൊളിഞ്ഞുവീഴുമ്പോൾ വിഷമം അനുഭവിച്ചവരുടെ സങ്കടം ഇതിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ചിത്രത്തിലെ അഭിനേതാവായ ധർമജൻ ബോൾഗാട്ടി പറഞ്ഞു. റിലീസിെൻറ തൊട്ടുതലേന്ന് കോടതി മുഖേന തടയാനുള്ള ഇടപെടലിൽ ആരുടെയെങ്കിലും താൽപര്യമുണ്ടെന്ന് സംശയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പുറത്തിറങ്ങിയ ടീസറിലെ ഒരു ഡയലോഗ് ചൂണ്ടിക്കാട്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്ന് കഥാകൃത്ത് ദിനേശ് പള്ളത്ത് വ്യക്തമാക്കി. 2020 മാർച്ചിൽ റിലീസ് ചെയ്യേണ്ട സിനിമ കോവിഡ് മൂലം നീളുകയായിരുന്നു. തിയറ്ററിൽതന്നെ റിലീസ് ചെയ്യണമെന്നതിനാലാണ് വൈകിയത്. എത്രയുംവേഗം റിലീസിന് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് നിർമാതാവ് അബാം മാത്യുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.