മൂവാറ്റുപുഴ: കൂട്ടുകാരിൽനിന്ന് ഒറ്റപ്പെട്ട് മൂവാറ്റുപുഴ ടൗണിലെത്തിയ വെള്ളിമൂങ്ങയെ പിടികൂടി കാട്ടിലെത്തിക്കാൻ ഫയർഫോഴ്സ് നടത്തിയ ശ്രമം വിഫലമായി. നെഹ്റു പാർക്കിലെ വൈദ്യുതി തൂണിൽ രാവിലെ 11ഓടെയാണ് വെള്ളിമൂങ്ങയെ കണ്ടത്. കാക്കകളും മറ്റും ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ആളുകളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വനം വകുപ്പിന്റെ റെസ്ക്യൂ ടീം അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി ഫയർഫോഴ്സിനെയും കെ.എസ്.ഇ.ബി ജീവനക്കാരെയും വിളിച്ചുവരുത്തി ലൈൻ ഓഫാക്കി കമ്പിയിൽനിന്ന് വെള്ളിമൂങ്ങയെ രക്ഷിക്കാനുള്ള ശ്രമവും ആരംഭിച്ചു. വിവരം അറിഞ്ഞ് നിരവധി ആളുകളാണ് എത്തിയത്.
സംരക്ഷിത ജീവിയായതിനാൽ അധികൃതർ ഏറെ ശ്രദ്ധയോടെ ഇതിനെ പിടികൂടാൻ നടപടി ആരംഭിച്ചങ്കിലും പോസ്റ്റിൽനിന്ന് മറ്റു പോസ്റ്റുകളിലേക്കും തണൽമരങ്ങളിലേക്കും മാറി മാറി പറന്നുകളിച്ച വെള്ളിമൂങ്ങ അധികൃതരെ വട്ടംകറക്കി. ഫയർഫോഴ്സ് സംഘം ഇതിനെ പിടികൂടാൻ ഫയർ എൻജിനുമായി പിറകെ നടന്നെങ്കിലും ഇവരെ വിദഗ്ധമായി കബളിപ്പിച്ച് വെള്ളിമൂങ്ങ പറന്നുകളിച്ചു.
മൂന്നുതവണ പോസ്റ്റിൽ കയറി ശ്രമം നടത്തിയിട്ടും സുരക്ഷിതമായി പിടിക്കാൻ സാധിച്ചില്ല. ഒടുവിൽ ടൗൺ ഹാളിന് മുന്നിലുള്ള വലിയ മരത്തിലേക്ക് വെള്ളിമൂങ്ങ പറന്നെത്തി ഇരുപ്പുറപ്പിച്ചതോടെ എല്ലാവരും മടങ്ങിപ്പോയി. ഇതിനെ കാണാൻ ജനം തടിച്ചുകൂടിയത് ഗതാഗതക്കുരുക്കിനും കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.