മൂവാറ്റുപുഴ: മൂവാറ്റുപുഴ-തേനി ഹൈവേയിലെ നവീകരണം പൂർത്തിയായ മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെയുള്ള ഭാഗത്തെ നിർമാണപ്രവർത്തനങ്ങളിലെ അപാകത പരിഹരിക്കാൻ സാധ്യതയില്ല.
നിർമാണത്തിനുപിന്നാലെ അപകടം തുടർക്കഥയായി മാറിയ 18 കി.മീ. ദൂരത്തെ അപാകത പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേർന്ന യോഗത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പറയുന്നു.
കെ.എസ്.ടി.പി നിർമിച്ച റോഡിൽ അപകടം നിത്യസംഭവമായതോടെ കഴിഞ്ഞ താലൂക്ക് സഭ യോഗത്തിൽ ജനപ്രതിനിധികൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് കെ.എസ്.ടി.പി അധികൃതർ ജനപ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ച് വിശദീകരണം നൽകണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ചാണ് ബുധനാഴ്ച കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയറുടെ ചേംബറിൽ യോഗം നടന്നതെങ്കിലും വ്യക്തമായ ഉറപ്പൊന്നും ലഭിച്ചില്ല. യോഗത്തിൽ പങ്കെടുത്തവർ റോഡ് നിർമാണത്തിലെ നിരവധി അപാകതകൾ ചൂണ്ടിക്കാട്ടി. പരിഹരിക്കാനാകുന്നവ പരിഹരിക്കാം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച് പരിശോധന നടത്താം എന്നല്ലാതെ കാര്യമായ ഉറപ്പൊന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
റോഡിന്റെ അശാസ്ത്രീയ നിർമാണം മൂലമാണ് അപകടം പെരുകുന്നതെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. അനാവശ്യമായി മണ്ണിട്ട് ഉയർത്തിയും വഴി നിരപ്പാക്കാതെയും റോഡ് നിർമിച്ചതുമൂലം മഴക്കാലത്ത് പല വീടുകളിലും വെള്ളം കയറുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. 18 കി.മീ. വരുന്ന ആദ്യ സ്ട്രെച്ചിന് 90 കോടി രൂപയോളമാണ് ആദ്യം വകയിരുത്തിയിരുന്നതെങ്കിലും പിന്നീട് ഇത് 100 കോടി രൂപയിലേറെയായി. കിലോമീറ്ററിന് ആറുകോടി രൂപയിലേറെ മുടക്കിയാണ് റോഡ് നിർമാണം നടത്തിയത്.
അപകടവളവുകൾ നിവർത്താതെ നിർമിച്ച റോഡിൽ നിരവധി അപകട മരണങ്ങളാണ് സമീപകാലത്ത് നടന്നത്. കൊച്ചി-മധുര ദേശീയപാതയിലെ ചാലിക്കടവ് ജങ്ഷനിൽനിന്ന് ആരംഭിച്ച് ഇടുക്കി ജില്ല അതിര്‍ത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന 18 കി.മീ. കോട്ട റോഡ് മൂവാറ്റുപുഴ മണ്ഡലത്തിലെ മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്.
യോഗത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, കെ.എസ്.ടി.പി, ഇ.ഇ ടിജി, എ.എക്സ്.സി ഷിനു കുമാർ, എ.ഇ അനിമ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.