മൂവാറ്റുപുഴ: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. കൂത്താട്ടുകുളം കരിമ്പനയിൽ കശാപ്പ് തൊഴിലാളികൾ താമസിച്ച വീട്ടിൽ തിരുവനന്തപുരം അബൂരി ആനന്ദ ഭവൻ വീട്ടിൽ ബിനു എന്ന രാധാകൃഷ്ണനെ (47) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി തമിഴ്നാട് തെങ്കാശി സ്വദേശിയായ നാഗാർജുൻ കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡീ. ജില്ല സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് കണ്ടെത്തിയത്.
2023 മേയ് 30 നാണ് കേസിനാസ്പദമായ സംഭവം. മരണപ്പെട്ട രാധാകൃഷ്ണനും പ്രതി നാഗാർജുനനും കരിമ്പന ഭാഗത്തുള്ള തൊഴിലുടമയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. പ്രതി കിടപ്പുമുറിയോടൊപ്പം ഉപയോഗിച്ചിരുന്ന ശുചിമുറി മരണപ്പെട്ട രാധാകൃഷ്ണൻ ഉപയോഗിക്കുന്നതിലുള്ള വിരോധമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണനും മദ്യപിച്ച് വഴക്കു കൂടുന്നതും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിരോധവും കൊലപാതകത്തിന് കാരണമായി. മുറിയിൽ ഉറങ്ങുകയായിരുന്ന രാധാകൃഷ്ണനെ പ്രതി ഇരുമ്പ് പൈപ്പുകൊണ്ട് പല തവണ ആഞ്ഞടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. കൂത്താട്ടുകുളം പൊലീസ് ഇൻസ്പെക്ടർ ഇന്ദ്ര രാജ് അന്വേഷിച്ച കേസിൽ ഇൻസ്പെക്ടർ പി.ജെ. നോബിളാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ജ്യോതികുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.