മൂവാറ്റുപുഴ: ഇടിമിന്നലിനൊപ്പം എത്തിയ കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളിലടക്കം വെള്ളക്കെട്ട്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ ആരംഭിച്ച ശക്തമായ മഴയിലാണ് നഗരത്തിലെ റോഡുകളിലടക്കം വെള്ളക്കെട്ട് രൂപപെട്ടത്. മൂന്ന് സംസ്ഥാന പാതകളും ദേശീയപാതയും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ എം.സി റോഡിലും കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലുമാണ് വെള്ളം ഉയർന്നത്.
ഇതോടെ നഗരത്തിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വീടുകളിലും അംഗൻവാടിയിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വെള്ളം കയറി. ഇടിമിന്നലിൽ നഗരത്തിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലെ ഇലക്ട്രിക് ഉപകരണങ്ങൾ തകരാറിലായി. എം.സി റോഡിലും കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലും വെള്ളം ഉയർന്നതോടെ ബസുകളടക്കം മണിക്കൂറുകളോളം കുരുക്കിൽകിടന്നു.
പി.ഒ ജങ്ഷനിലും കച്ചേരിത്താഴം പാലത്തിലും വെള്ളൂർകുന്നം കവലയിലും വാഹനങ്ങൾ ചലിക്കാൻപോലും കഴിയാത്തവിധം സ്തംഭിച്ചു. എം.സി റോഡിൽ പേഴക്കാപ്പിള്ളിയിലും വാഴപ്പിള്ളിയിലും അരമന ജങ്ഷനിലും കബനി പാലസ് ഹോട്ടലിനു മുന്നിലുമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാതയിൽ നഗരത്തിലെ ചാലിക്കടവ് ജങ്ഷനിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാതയിൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ വന്നതോടെ കടാതിയിൽ അടക്കം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.