മൂവാറ്റുപുഴ: ആറ് പതിറ്റാണ്ടായി നഗരത്തിന്റെ മുഴുവന്‍ മാലിന്യവും പേറുന്ന വളക്കുഴി ഡബിങ് യാര്‍ഡില്‍ ബയോ മൈനിങിനു തുടക്കമാകുന്നു. ഇതിനായുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ നാഗ്പൂരില്‍ നിന്ന് എത്തിച്ചു. കേരള ഖര മാലിന്യ പരിപാലന പദ്ധതി പ്രകാരം നഗരസഭ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ ബയോ മൈനിങ് നടത്തുന്നതിനായി 10.82 കോടി രൂപയാണ് അനുവദിച്ചത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എം.എസ്. ലിമിറ്റഡാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഒന്നിന് മൈനിങ് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും പ്രദേശ വാസികളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ ആരംഭിക്കേണ്ടതുളളു എന്ന് നഗരസഭ അധികൃതർ നിലപാട് എടുത്തതാണ്താമസിക്കാൻ കാരണം. തുടർന്ന് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ പ്രദേശ വാസികളുടെ യോഗം ചേര്‍ന്നു ആശങ്കകൾ പരിഹരിക്കുകയായിരുന്നു.
മൈനിങിനിടെ ഉണ്ടാകാന്‍ ഇടയുളള ദുർഗന്ധം, പ്രാണികളുടെ ശല്യം, പൊടി എന്നിവയെ പ്രതിരോധിക്കാൻ മുന്നൊരുക്കങ്ങൾ നടത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശം അനുസരിച്ചുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയത്.
ഇതനുസരിച്ച്പൊടി കുറയ്ക്കുന്നതിന് വെള്ളം പമ്പ് ചെയ്യും. ഗ്രീൻ നെറ്റ് ഉപയോഗിച്ച് യാർഡ് മറയ്ക്കും. ദുർഗന്ധ നാശിനികൾ ഉപയോഗിക്കും. ഗതാഗത സൗകര്യങ്ങൾ തടസപെടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. നാലര ഏക്കർ വിസ്തൃതി വരുന്ന വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഭൂനിരപ്പിനു മുകളിൽ 31995 ക്യൂബിക് മീറ്ററും താഴെ 55905 ക്യുബിക് മീറ്ററും മാലിന്യം നിലവിൽ ഉണ്ടെന്നാണു കണക്കാക്കുന്നത്. ഇത് ഏകദേശം 44589.18 മെട്രിക് ടൺ വരും.
യന്ത്ര സാമഗ്രികള്‍ എത്തിച്ചതോടെ ദിവസങ്ങള്‍ക്കകം വളക്കുഴിയില്‍ ബയോ മൈനിങ് ആരംഭിക്കും. വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ ഖരമാലിന്യ സംസ്കരണ രംഗത്ത് ബഹുദൂരം മുന്നേറാന്‍ മൂവാറ്റുപുഴ നഗരസഭക്ക് ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.