മൂവാറ്റുപുഴ: ഇത് സ്കൂളോ ചിൽഡ്രൻസ് പാർക്കോ.? മാറാടി പഞ്ചായത്തിലെ കായനാട് ഗവ. എൽ.പി സ്കൂൾ കണ്ടാൽ ആരുമൊന്ന് ചോദിച്ചുപോകും ഇങ്ങനെ. പഞ്ചായത്തിലെ ആദ്യത്തെ ഗ്രീൻ കാമ്പസായി മാറിയിരിക്കുകയാണ് ഈ സ്കൂൾ. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കുന്ന സ്കൂളിൽ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലായി അമ്പതിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. സ്കൂളിലെ ഉറവിട മാലിന്യ സംസ്കരണം നാടിന്റെയാകെ ശ്രദ്ധ ആകർഷിക്കുന്നതാണ്.
ഉച്ച ഭക്ഷണ വേസ്റ്റ് നിർമാർജനത്തിനായി രണ്ട് ബയോ ബിന്നുകൾ സ്ഥാപിച്ചതിന് പുറമെ സ്കൂൾ അങ്കണത്തിൽ പൊതുവായി ഗ്രീൻ ബിന്നും ബ്ലാക്ക് ബിന്നും ഉണ്ട്. അജൈവ മാലിന്യങ്ങൾ കൃത്യമായി ഹരിത കർമ സേനക്ക് കൈമാറുന്ന വിദ്യാലയമാണിത്. കിണർ റീചാർജിങ് സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനായി കുട്ടികൾക്ക് മൂവാറ്റുപുഴ ഫിലിംസൊസൈറ്റിയുടെ നേതൃത്വത്തിൽ വിഡിയോ പ്രദർശനം നടത്തുകയും പരിസ്ഥിതി സംരക്ഷണ ഭാഗമായി സ്കൂളിൽനിന്ന് നൽകിയ തെങ്ങിൻ തൈകൾ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ നട്ടുപരിപാലിക്കുകയും ചെയ്തുപോരുന്നു. ബയോഗ്യാസ് പ്ലാൻറും സ്കൂളിൽ നിർമിച്ചിട്ടുണ്ട്.
1950ൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കെട്ടിടത്തിന് 2018ലെ മഹാപ്രളയം മൂലം ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് നാലുവർഷം സമീപത്തുള്ള സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കെട്ടിടത്തിലാണ് അധ്യയനം നടന്നത്. ജനപ്രതിനിധികളും സർക്കാറും വിദ്യാഭ്യാസ വകുപ്പും സ്കൂൾ പുനർനിർമിക്കാൻ കൂട്ടായ പരിശ്രമം നടത്തിയതിനെ തുടർന്ന് 2022 ജനുവരി 20ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഗ്രൂപ്പ് 1.40 കോടി രൂപ മുതൽമുടക്കിൽ സ്കൂൾ മന്ദിരം പുനർനിർമിച്ചു നൽകി. സ്കൂളിൽ മൂന്ന് സ്മാർട്ട് ക്ലാസ് റൂമുണ്ട്. ഇതിനു പുറമെ പൂന്തോട്ടവും മനോഹര പാർക്കും ഓപ്പൺ സ്റ്റേജും ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. പാർക്കിനോട് ചേർന്ന് ഔഷധോദ്യാനവും അടുക്കളത്തോട്ടവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.