മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ ഒ.പിയിൽ ഡോക്ടർമാർ സമയത്ത് എത്തുന്നില്ലെന്ന പരാതിയെ തുടർന്ന് നഗരസഭ അധികൃതർ മിന്നൽ പരിശോധന നടത്തി.
നഗരസഭ വൈസ് ചെയർമാൻ സിനി ബിജു, ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിലാണ് കൗൺസിലർമാർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയത്. ഇവർ ആശുപത്രിയിലെത്തുമ്പോൾ ഒ.പി റൂമുകൾ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയായിരുന്നു.
നൂറുകണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ഇടവേളക്കുശേഷം അടുത്ത കാലത്തായി പരാതികൾ വ്യാപകമാകുകയാണ്. രാവിലെ 8.30ന് ഒ.പി പ്രവർത്തനം ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും 10 മണിയായാലും ഡോക്ടർമാർ എത്തുന്നില്ലെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെ ആറിനെത്തി ഒ.പി ടിക്കറ്റ് എടുത്തവർ കാത്തുനിന്നെങ്കിലും 10 ആയിട്ടും ഡോക്ടർമാർ എത്തിയില്ല.
രാവിലെ മുതൽ നിരവധി രോഗികളാണ് ഒ.പിയിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെ കാണാനെത്തിയത്. എന്നാൽ, ഒരു ഡോക്ടർ മാത്രമാണ് ആ സമയം ഉണ്ടായിരുന്നത്.
ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ രോഗികൾ പലരും ഡോക്ടറെ കാണാതെ വലഞ്ഞു. തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തെയും നഗരസഭ അധികൃതരെയും രോഗികൾ വിവരമറിയിച്ചത്. നഗരസഭ അധികൃതർ എത്തുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
തുടർന്ന്, ആശുപത്രി അധികൃതരുമായി ഇവർ ചർച്ച നടത്തി. അടുത്ത ദിവസം മുതൽ ആവശ്യമായ നടപടികൾ സ്വീകരിമെന്ന് ഉറപ്പുനൽകിയതോടെ നഗരസഭ അധികൃതർ മടങ്ങി.
ഡോക്ടർമാർ സമയത്തെത്തുന്നില്ലന്ന പരാതി ശരിയല്ലെന്നും എല്ലാ വിഭാഗത്തിലും ഓരോ ഡോക്ടർ വീതം ഡ്യൂട്ടിയിലുണ്ടെന്നും ബാക്കി ഡോക്ടർമാർ വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി മറ്റ് ഹോസ്പിറ്റലിലേക്ക് പോയതുകൊണ്ടാണ് എല്ലാ ഡോക്ടർമാരുടെയും സേവനം ലഭിക്കാത്തതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.