മൂവാറ്റുപുഴ: നഗരസഭ മൂന്നാം വാർഡിലെ മൂന്നുകണ്ടം മിന കോളനിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. കോളനിയിലെ 21 കുടുംബങ്ങൾക്കും നഗരസഭ കുടിവെള്ള കണക്ഷൻ നൽകി. കേന്ദ്രസർക്കാറിന്റെ അമൃതം പദ്ധതിയിൽപെടുത്തിയാണ് കണക്ഷൻ നൽകിയത്. വേനൽ മഴയിൽ കോളനിയിലെ പൊതുകിണർ മലിനമായി. ചളി നിറത്തിൽ എണ്ണക്കൊഴുപ്പ് അനുഭവപ്പെട്ട വെള്ളം പാത്രങ്ങൾ കഴുകാൻപോലും ഉപയോഗിക്കാനാകാത്ത അവസ്ഥയിലായി. ആരോഗ്യവകുപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
കിണറ്റിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായ വിധത്തിലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് വെള്ളം ഉപയോഗിക്കരുതെന്ന നിർദേശം നൽകിയത്. പൊതുകിണർ മലിനപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് മറ്റൊരു കിണർ നിർമിച്ചെങ്കിലും അതും ചളിനിറഞ്ഞ് കറുത്ത നിറത്തിലായിരുന്നു. ഇതോടെ, 21 നിർധന കുടുംബങ്ങൾ താമസിക്കുന്ന മൂന്നുകണ്ടം കോളനിവാസികൾ വെള്ളം കിട്ടാതെ ദുരിതത്തിലായി. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അജി മുണ്ടാട്ടിന്റെ നേതൃത്വത്തിൽ ടാങ്കറിൽ ശുദ്ധജലം എത്തിച്ച് വിതരണം നടത്തിയാണ് കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നത്. കുടിവെള്ള കണക്ഷനിലൂടെ രണ്ടുദിവസത്തിനകം ഇവർക്ക് വെള്ളം എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.