മൂവാറ്റുപുഴ: മഴ കനത്തതോടെ മൂവാറ്റുപുഴ നഗരം വെള്ളക്കെട്ടിലാക്കി. എം.സി.റോഡ് അടക്കം മൂന്നു സംസ്ഥാന പാതകളും ദേശീയ പാതയും കടന്നുപോകുന്ന നഗരത്തിൽ എല്ലാ റോഡുകളിലും വെള്ളക്കെട്ട് പ്രശ്നം സൃഷ്ടിച്ചു. നഗരത്തിലെ അരമനപ്പടി, വൺവേ ജങ്ഷൻ, വാഴപ്പിള്ളി, പേഴക്കാപ്പിള്ളി, നിരപ്പ് റോഡ്, പി.ഒ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൻ വെള്ളക്കെട്ടാണ്.
ബുധനാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയോടെ പല പ്രദേശങ്ങളിലും ഗതാഗതം അവതാളത്തിലായി. വെള്ളം ഒഴുകിപ്പോകാതെ കാനകൾ നിറഞ്ഞു കവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. അരമനപ്പടി ജങ്ഷനിൽ രണ്ടടിയിലേറെ വെള്ളമുയർന്നതോടെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. എം.സി റോഡിലെ കാനകളുടെ നിർമാണത്തിലെ അപാകതകൾ മൂലം കെ.എസ്.ആർ.ടി.സി മുതൽ ആറൂർവരെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതിനു പുറമെ പേഴക്കാപ്പിള്ളി, വാഴപ്പിള്ളി മേഖലകളിലും ഇതേ പ്രശ്നം നിലനിൽക്കുന്നു. നഗരത്തിലെ അരമനപ്പടിയിൽ നാലു വശങ്ങളിൽനിന്നും വെള്ളം ഒഴുകിയെത്തി നിറഞ്ഞതോടെ ഇവിടെയുള്ള ഓട മാലിന്യം അടിഞ്ഞു ഒഴുക്കുനിലച്ചു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കെട്ടിക്കിടക്കുന്ന മലിനജലം റോഡിലൂടെ പോകുന്ന നാട്ടുകാരുടെ ദേഹത്തേക്ക് തെറിക്കുന്നുണ്ട്.
വൺവേ ജങ്ഷനിൽ ചാലിക്കടവു പാലത്തിനു സമീപം റോഡിലെ വെള്ളക്കെട്ട് മൂലം യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. തർബിയത്ത് നഗറിൽ നിന്നടക്കം ഒഴുകിയെത്തുന്ന ജലം വൺവേ ജങ്ഷനിൽ കെട്ടിക്കിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം.
ഓട നവീകരിക്കാത്തതും വൺവേ റോഡിലെ അടക്കം കാനയുടെ നിർമാണത്തിൽ വന്ന അപാകതയുമാണ് ഇത്രയധികം വെള്ളം ഉയരാൻ കാരണം.
വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ രംഗത്തുവന്നെങ്കിലും നടപടിയുണ്ടായില്ല. വെള്ളക്കെട്ട് രൂപപ്പെട്ടാൽ ഗതാഗതതടസ്സം ഉണ്ടാകുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.