മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന കാളിയാർ-കക്കടാശേരി റോഡ് അപകടപാതയായി മാറുന്നു. കക്കടാശേരി മുതൽ-മൂവാറ്റുപുഴ മണ്ഡലം അതിർത്തിയായ ഞാറക്കാട് വരെയുള്ള 16 കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തനങ്ങളിൽ പുന്നമറ്റം മേഖലയിൽ മൂന്നു കിലോമീറ്ററാണ് പൂർത്തിയാകാനുള്ളത്. 86 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന റോഡിലെ അശാസ്ത്രീയ നിർമാണവും വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതാണ് ഒടുവിലത്തെ സംഭവം. ഒരാഴ്ചക്കിടെ രണ്ട് ബൈക്ക് യാത്രികരുടെ ജീവനും റോഡിൽ പൊലിഞ്ഞു.
നിർമാണം പൂർത്തിയായ മേഖലകളിൽ റോഡിലേക്കിറങ്ങി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതും റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാതെ കിടക്കുന്നതിനാൽ ആവശ്യത്തിന് വീതി ഇല്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ടാറിങ്ങിന് മുമ്പേ റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തു പോയതിനാൽ ഉണ്ടായിട്ടുള്ള കട്ടിങ്ങും പ്രശ്നമാണ്. അശാസ്ത്രീയമായാണ് റോഡിന്റെ പല ഭാഗങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
ഹൈകോടതി നിർദേശിച്ചിട്ടുപോലും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുകയോ വളവുകൾ നിവർത്തുകയോ ചെയ്തിട്ടില്ല. കരാറുകാരന്റെ താത്പര്യങ്ങൾ നടപ്പിലാക്കാൻ കെ.എസ്.ടി.പി ഉദ്യോഗസ്ഥർ കൂട്ടുനിന്നതാണ് 86 കോടി രൂപ ചെലവിൽ നിർമിച്ച റോഡിന്റെ അപാകതക്ക് കാരണമായതെന്ന പരാതിയും ബാക്കിയാണ്. പുതുക്കിപണിത പുളിന്താനം പാലവും അപകട മേഖലയായി മാറിയിട്ടുണ്ട്. അമിതവേഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും പൊലീസിന്റെ പരിശോധന കാര്യക്ഷമമാക്കുകയും ചെയ്യണമെന്ന ആവശ്യമാണുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.