മൂവാറ്റുപുഴ: ശുദ്ധജല സംഭരണിക്ക് സമീപം പാറപൊട്ടിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കല്ലൂർക്കാട് പഞ്ചായത്തിലെ ചാറ്റുപാറ ശുദ്ധജല പദ്ധതിയുടെ ജലസംഭരണിക്ക് സമീപമാണ് സ്വകാര്യവ്യക്തി പാറക്കല്ല് പൊട്ടിച്ചുനീക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള പാറക്കല്ലാണ് പൊട്ടിച്ചുമാറ്റുന്നത്. ചാറ്റുപാറ ശുദ്ധജല പദ്ധതിയുടെ ജലസംഭരണിക്ക് പാറപൊട്ടിക്കൽമൂലം തകരാറും ബലക്ഷയവും സംഭവിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.
ശുദ്ധജലക്ഷാമം രൂക്ഷമായിരുന്ന പ്രദേശത്ത് 2018ലാണ് ചാറ്റുപാറ ശുദ്ധജല പദ്ധതിയുടെ ഭാഗമായി ജലസംഭരണി സ്ഥാപിച്ചത്. മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റെയും ജില്ല പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചായിരുന്നു ജലസംഭരണി നിർമിച്ചത്. ഇതിന് താഴെയാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പാറ പൊട്ടിച്ചു മാറ്റുന്നത്.
ഇതുമൂലം ജലസംഭരണിക്ക് തകരാർ സംഭവിക്കുമെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. അറുപതോളം കുടുംബങ്ങളുടെ കുടിവെള്ളത്തിന്റെ ഏക ആശ്രയമാണ് ഈ ടാങ്ക്. സമീപ പ്രദേശത്തെ വീടുകൾക്കും പാറ പൊട്ടിക്കൽ ഭീഷണിയാണെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.