മൂവാറ്റുപുഴ: ചാണകവളം വിറ്റുകിട്ടുന്ന പണംകൊണ്ട് അശരണരുടെ കണ്ണീരൊപ്പാൻ തായാറെടുക്കുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍.
സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീം യൂനിറ്റും വിവിധ ക്ലബുകളും കൈകോര്‍ത്താണ് ചാണകത്തില്‍നിന്ന് ജൈവവളവും മറ്റ് ഉല്പന്നങ്ങളും നിര്‍മിച്ച് വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിെവക്കുന്നത്. സ്കൂളിന് സമീപത്തെ വിവിധ ക്ഷീര കർഷകരുടെ വീടുകളും ഫാമുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പശു, ആട്, എരുമ എന്നിവയുടെ ചാണകവും താറാവിെൻറയും കോഴിയുടെയും കാഷ്ഠവും മണ്ണിര കമ്പോസ്റ്റുമൊക്കെ ശേഖരിച്ച് 4:3:2:1 എന്ന ആനുപാതത്തിൽ മിക്സ് ചെയ്ത് 'വളക്കൂട്ട്' പേരിൽ ജൈവവളം തയാറാക്കി വിൽക്കുകയാണ്.
സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റിെൻറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം സര്‍ക്കാറിെൻറ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിരുന്നു. വരും വര്‍ഷങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥിരവരുമാനം കണ്ടെത്തുകയാണ് പുതിയ സംരംഭത്തിെൻറ ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫിസര്‍ സമീര്‍ സിദ്ദീഖി പറഞ്ഞു. വിദ്യാര്‍ഥികള്‍ ചാണകം ഉണക്കി കവറുകളിലാക്കി വില്പനക്കായി തയാറാക്കിക്കഴിഞ്ഞു. പ്രധാനമായും ചെടികൾക്കും വിഷരഹിത ജൈവപച്ചക്കറി കൃഷിക്കുമുള്ള വളമായി ഉപയോഗിക്കാം. ഒരു കിലോഗ്രാമിന് 80 രൂപക്കും രണ്ടുകിലോക്ക് 150 രൂപക്കുമാണ് വില്‍ക്കുന്നത്.
കൃഷിവകുപ്പ് ഔട്ട്ലെറ്റുകള് വഴി ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍. പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പി.ടി.എ പ്രസിഡൻറ് അനിൽകുമാർ പി.ടി, മദർ പി.ടി.എ ചെയർപേഴ്സൻ സിനിജ സനൽ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി. അവിരാച്ചൻ, ഹെഡ്മിസ്ട്രസ് സഫിയ സി.പി, പ്രോഗ്രാം ഓഫിസർ സമീർ സിദ്ദീഖി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.