ഭവന നിർമാണത്തിന് മുൻഗണന നൽകി പഞ്ചായത്ത് ബജറ്റുകൾ

മൂവാറ്റുപുഴ: ഭവന നിർമാണത്തിനും ആരോഗ്യ, ടൂറിസം മേഖലകൾക്കും മുൻഗണന നൽകുന്ന പായിപ്ര പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 39,67,96,860 രൂപ വരവും 39,32,47,612 രൂപ ചെലവും 35,49,248 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് നിസ മൈതീന്‍ അവതരിപ്പിച്ചത്. 6.60 കോടി രൂപയാണ് ലൈഫ് ഭവന പദ്ധതിക്ക് നീക്കിവെച്ചത്. 100 പുതിയ വീട് ഈ വർഷം നിർമിച്ചുനൽകും. ആരോഗ്യമേഖലയിൽ ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡിലെയും വയോജനങ്ങള്‍ക്ക് മാസത്തില്‍ ഒരുദിവസം പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭ്യമാക്കുന്ന തരത്തില്‍ ഹാപ്പി ക്ലിനിക് പദ്ധതി നടപ്പാക്കും. 20 ലക്ഷം രൂപയാണ് ഇതിന് നീക്കിവെച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു.

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് 34 കോടിയുടെ ബജറ്റിന് അംഗീകാരം. 25 ലക്ഷം മിച്ചം വരുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ജിൻസിയ ബിജു അവതരിപ്പിച്ചു. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തിലേക്ക് എത്തും വിധം ലൈഫ് ഭവനപദ്ധതിക്ക് 10 കോടി നീക്കിവെച്ചു.

കാർഷിക മേഖലയുടെയും കായിക മേഖലയുടെയും സമഗ്ര വികസനം, മാലിന്യസംസ്കരണ പരിപാടികൾ, കരിമണൽ-ചെമ്പൻകുഴി അഞ്ച് കിലോമീറ്റർ ഫെൻസിങ്ങിന് 10 ലക്ഷം, നെല്ലിമറ്റം ടൗണിൽ പുതിയ ഷോപ്പിങ് കോംപ്ലക്സ്, ഊന്നുകൽ സ്റ്റേഡിയം വിപുലീകരണത്തിന് 30 ലക്ഷം, ക്ഷീരവികസനം, ടൂറിസം മേഖലകൾക്കുള്ള നൂതന പദ്ധതികൾ എന്നിവ വിഭാവനം ചെയ്യുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനം.

നേര്യമംഗലം പി.എച്ച്.സിയിൽ എക്സ്റേ, ഇ.സി.ജി യൂനിറ്റുകൾ, നേര്യമംഗലം ബോട്ട് ജെട്ടിയോട് ചേർന്ന് കംഫർട്ട് സ്റ്റേഷനും കോഫി ഹൗസും സ്ഥാപിക്കൽ, നേര്യമംഗലം ഷോപ്പിങ് കോംപ്ലക്സ്, ഊന്നുകൽ സ്റ്റേഡിയം നിർമാണം, കുടിവെള്ള പദ്ധതി തുടങ്ങിയ അടിസ്ഥാന വികസനത്തിൽ ശ്രദ്ധ പുലർത്തുന്നതാണ് ബജറ്റ്. അവതരണത്തിന് പ്രസിഡന്‍റ് സൈജന്‍റ് ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.എച്ച്. നൗഷാദ്, ഷിബു പടപ്പറമ്പത്ത്, സൗമ്യ ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ഇ.കെ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Panchayat budgets giving priority to housi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.