മൂവാറ്റുപുഴ: മുളവൂര്‍ തോട് സംരക്ഷിക്കാൻ പദ്ധതി ഒരുങ്ങുന്നു. ഇതിനായി സംരക്ഷണ സമിതി രൂപവത്കരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ ഇ.എം. ഷാജി അധ്യക്ഷതവഹിച്ചു.
പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സുകളിലൊന്നായ മുളവൂര്‍ തോട് മാലിന്യ നിക്ഷേപവും അനധികൃത കൈയേറ്റവും മൂലവും നാശത്തിന്റെ വക്കിലാണ്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും അനധികൃത തോട് കൈയേറ്റത്തിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴും അറവുമാലിന്യമടക്കമുള്ള മാലിന്യവും പാറമട മാലിന്യം ഒഴുക്കുന്നതിന് പുറമേ പ്ലാസ്റ്റിക് മാലിന്യം അടക്കമുള്ള വേസ്റ്റുകളും ഒഴുകിയെത്തിയതോടെ തോട് മാലിന്യവാഹിനിയായി മാറി. തോട് സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എം.കെ. കുഞ്ഞുമോൻ താലൂക്ക്തല അദാലത്തിൽ പരാതി നൽകിയിരുന്നു.
കൃഷിമന്ത്രി പി. പ്രസാദിന്റെ ഉത്തരവിനെ തുടർന്നാണ് ഗുണഭോക്താക്കളെ ഉൾപ്പെടുത്തി സംരക്ഷണ സമിതി രൂപവത്കരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ അടക്കമുള്ളവരുടെ സഹായങ്ങൾ ഉപയോഗപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും തീരുമാനിച്ചു. വാർഡ് മെംബർമാരായ പി.എം. അസീസ്, ദീപ റോയ് (രക്ഷാ) പി.എം. മൈതീൻ (ചെയർ), എം.കെ കുഞ്ഞുമോൻ (കൺ) എന്നിവരടങ്ങുന്ന ഒമ്പതംഗ സംരക്ഷണ സമിതിയും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.