മൂവാറ്റുപുഴ: വേനൽ കനത്തതോടെജില്ലയുടെ കിഴക്കൻ മേഖലയിൽ ജലദൗർലഭ്യതയും വരൾച്ചയും രൂക്ഷമാക്കുന്നു. കനത്ത ചൂടിൽ പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെട്ടുതുടങ്ങി. ജലലഭ്യത കുറഞ്ഞത് കാർഷിക മേഖലക്കും വിനയായി. ഇത് തന്നാണ്ടു കൃഷികളെയും ബാധിക്കുന്നു. പലയിടങ്ങളിലും ആവശ്യത്തിന് ജലം ലഭിക്കുന്നില്ല. ഇതിനെ ചൊല്ലി പ്രതിഷേധവും ഉയരുന്നുണ്ട്.
പുഴയിൽ മതിയായ അളവിൽ ജലലഭ്യത ഇല്ലാത്തതിനാൽ പമ്പിങ് തടസപ്പെടുന്നുണ്ട്. ഇത് ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു. പുഴയിലും കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നതോടെ കൃഷിയിടങ്ങളു വെള്ളമില്ലാതെ കരിഞ്ഞുണങ്ങുകയാണ്. ഇത് കൃഷിയെയും ബാധിച്ചു. മുമ്പൊക്കെ വേനൽമഴ ലഭിച്ചിരുന്നപ്പോൾ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ചേന, കപ്പ തുടങ്ങിയ തന്നാണ്ടുകൃഷികൾ കർഷകർ ചെയ്തിരുന്നു. മേഖലയിൽ ഒരിടത്തും കാര്യമായ വേനൽമഴ ലഭിക്കാത്തതിനാൽ ഇത്തരം കൃഷികളൊന്നും ചെയ്യാൻ കർഷകർക്കു കഴിഞ്ഞിട്ടില്ല. കാർഷികോൽപാദന മേഖലയിലെ നാടൻ വിഭവങ്ങൾ ഇതോടെ ഗണ്യമായ തോതിൽ കുറയുകയാണ്. ഇത് വിലക്കയറ്റത്തിനും കാരണമാകും.
ജാതി, വാഴ, കമുക് തുടങ്ങിയവയെയും വരൾച്ച കാര്യമായി ബാധിച്ചു. പൈനാപ്പിൾ ചെടികൾ പലയിടങ്ങളിലും കരിഞ്ഞുണങ്ങി. വർഷങ്ങളോളം പരിപാലിച്ച് വിളവെടുപ്പു നടത്തുന്ന ജാതി മരങ്ങളും ഇലകൾ കരിഞ്ഞ് തണ്ടുണങ്ങിത്തുടങ്ങിയതായി കർഷകർപറയുന്നു. വളർത്തുമൃഗങ്ങളും ഉഷ്ണവും ജലക്കുറവും മൂലം ദുരിതപ്പെടുന്നുണ്ട്. പശുക്കളിൽ പാൽ ഉത്പാദനവും കുറയുന്നു. പശുക്കൾക്കുള്ള തീറ്റപ്പുല്ലും കരിഞ്ഞുനിൽക്കുകയാണ്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും മഴ പെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.