മൂവാറ്റുപുഴ: നഗരമധ്യത്തിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് പെരുമറ്റം മേഖലകളിൽ അടക്കം കുടിവെള്ള വിതരണം താറുമാറായി. റോഡ് തകർന്നതിനെ തുടർന്ന് ഇലാഹിയ റോഡ് വഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചു.
ഇ.ഇ.സി മാർക്കറ്റ് റോഡിൽ ഇലാഹിയ ജങ്ഷനിൽ ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. വൻ ശബ്ദത്തിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് തകർന്നു ഗർത്തം രൂപപ്പെട്ടു. ഇതോടെ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന തർബിയത്ത് നഗർ, ആസാദ് റോഡ്, കീച്ചേരിപ്പടി, വാലടിത്തണ്ട്, പെരുമറ്റം, കക്കടാശ്ശേരി ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണമാണ് മുടങ്ങിയത്. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ ആറു മുതൽ 12 വരെയാണ് ഇവിടെ വെള്ളം എത്തിയിരുന്നത്.
പൈപ്പ് മാറ്റിസ്ഥാപിച്ച് എന്ന് വിതരണം പുനഃസ്ഥാപിക്കുമെന്ന് പറയാനാവില്ല. നഗരത്തിലെ പൈപ്പുകൾ പൊട്ടി കുടിവെള്ള വിതരണം താറുമാറാകാൻ തുടങ്ങിയിട്ട് നാളുകൾ പിന്നിട്ടിട്ടും ആസ്ബസ്റ്റോസ് കുഴലുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ല. ആഴ്ചയിൽ രണ്ടു തവണയെങ്കിലും പൈപ്പുകൾ പൊട്ടുന്നത് തുടരുകയാണ്. ജോസഫ് വാഴക്കൻ എം.എൽ.എ ആയിരിക്കെ പഴയ വിതരണക്കുഴലുകൾ മുഴുവൻ മാറ്റാൻ 17.5 കോടി രൂപയുടെ പദ്ധതി കൊണ്ടുവന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.