നഗരത്തിലെ മാലിന്യം, കൊതുകുശല്യം, ശോച്യാവസ്ഥയിലുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ഗതാഗതക്കുരുക്ക്, പൊതുഗതാഗത മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ എന്നിവയാണ് എറണാകുളം നിയമസഭ മണ്ഡലത്തിലെ പ്രധാന ജനകീയ പ്രശ്നങ്ങൾ. നഗരത്തിന് നടുവിൽ വികസനമെത്താതെ കുറങ്കോട്ട, താന്തോണിത്തുരുത്ത് ദ്വീപുകളിൽ പലവിധ പ്രശ്നങ്ങളാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്.
•മാലിന്യ, കൊതുക് പ്രശ്നങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇടക്കിടെ നടത്തുന്ന ഫോഗിങ് മാത്രമാണ് അധികൃതർ കണ്ടെത്തിയ പരിഹാരമാർഗം. തോന്നുംപടി മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ നൂറുകണക്കിന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാലിന്യനീക്കം കാര്യക്ഷമമാക്കുന്നതിലൂടെയും ഓടകളും മലിനമായ തണ്ണീർത്തടങ്ങളും സമയബന്ധിതമായി ശുചീകരിക്കുന്നതിലൂടെയും മാത്രമേ കൊതുകുനിവാരണവും പകർച്ചവ്യാധി വ്യാപനവും തടയാനാകുകയുള്ളൂ. തേവര-പേരണ്ടൂർ കനാൽ, മുല്ലശ്ശേരി കനാൽ എന്നിവ ശുചീകരിക്കണം.
• കേരളത്തിലെ ഏറ്റവും പ്രധാന നഗരമായ എറണാകുളത്തെ റോഡുകൾ വാഹനസാന്ദ്രതയിൽ വീർപ്പുമുട്ടുന്നവയാണ്. ദേശീയപാത, സംസ്ഥാന റോഡുകൾ, പൊതുമരാമത്ത് റോഡുകൾ എന്നിവ ഭൂരിഭാഗവും നല്ല നിലയിലാണെങ്കിലും വാഹനപ്പെരുപ്പത്തിന് അനുസൃതമായി വികസനമുണ്ടായിട്ടില്ല. പ്രാദേശികതലങ്ങളിലെ നിരവധി റോഡുകൾ സമയബന്ധിതമായി റീടാർ നടത്തേണ്ടതുണ്ട്.
• നഗരത്തിനു നടുവിൽ ഒറ്റപ്പെട്ട നിലയിൽ സ്ഥിതി ചെയ്യുന്ന കുറങ്കോട്ട, താന്തോണിത്തുരുത്ത് ദ്വീപുകളിൽ കുടിവെള്ളപ്രശ്നം രൂക്ഷമാണ്. ചേരാനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിലും കുടിവെള്ള പ്രശ്നങ്ങളുണ്ട്. പത്താം വാർഡിലെ ചില മേഖലകളിലേക്കുള്ള പമ്പിങ്ങിലെ തകരാർമൂലം വെള്ളം ലഭിക്കാതെ രണ്ടു മാസത്തോളമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വടുതല പമ്പ് ഹൗസിൽനിന്നാണ് ഇവിടേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. കാലഹരണപ്പെട്ട വമ്പൻ പൈപ്പുകൾ ഇടക്കിടെ നഗരത്തിൽ പൊട്ടുന്നത് കുടിവെള്ളവിതരണത്തെ ബാധിക്കുന്നുണ്ട്. ആലുവയിൽനിന്നുള്ള പ്രധാന ലൈനിലെ 700 എം.എം വിതരണ പൈപ്പാണ് ഇടക്കിടെ വിവിധ ഭാഗങ്ങളിലായി പൊട്ടുന്നത്. പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ സംസ്കാര ജങ്ഷൻ മുതൽ തമ്മനം വരെയുള്ള പൈപ്പ് മാറ്റിയിരുന്നില്ല.
• ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം പി ആൻഡ് ടി കോളനിവാസികളുടെ പുനരധിവാസത്തിനായി മുണ്ടംവേലിയിൽ ഫ്ലാറ്റ് സമുച്ചയം പണിത് ഉദ്ഘാടനം നടത്തിയെങ്കിലും ഉടമസ്ഥാവകാശ തർക്കങ്ങളെ തുടർന്ന് പ്രവേശനം സാധ്യമായിട്ടില്ല. അതിനാൽ കോളനിവാസികൾ ഇപ്പോഴും പേരണ്ടൂർ കനാലിൽനിന്ന് ഏതു നിമിഷവും കയറിവരാവുന്ന മലിനജലത്തിന്റെ ഭീതിയിൽതന്നെയാണ് കഴിയുന്നത്. വീടിന്റെ നമ്പർ ലഭിക്കാനുണ്ടായ കാലതാമസംമൂലം വൈദ്യുതി കണക്ഷൻ വൈകുകയാണ്. ഭൂരഹിതരായ നിരവധി പേർ മണ്ഡലത്തിലുണ്ട്.
• ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ച സൗകര്യങ്ങളാണ് എറണാകുളം ജനറൽ ആശുപത്രിയിലുള്ളത്. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് അടക്കം പുതിയ കെട്ടിടങ്ങൾ നിർമിച്ച് പ്രവർത്തനം ആരംഭിച്ചു. ഇടപ്പള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മുളവുകാട് പബ്ലിക് ഹെൽത്ത് സെന്റർ എന്നിവയാണ് മണ്ഡലത്തിലെ മറ്റു സർക്കാർ ആതുരാലയങ്ങൾ. ഹൈകോടതി ഡിസ്പെൻസറിയും ജില്ല ഹോമിയോ ആശുപത്രിയും കച്ചേരിപ്പടി ആയുർവേദ ആശുപത്രിയും എറണാകുളം മണ്ഡലത്തിലാണ്.
• സർക്കാർ-സർക്കാറിതര മേഖലകളിലായി 35ലധികം എൽ.പി സ്കൂളുകൾ, 20ഓളം യു.പി സ്കൂളുകൾ, 20ഓളം ഹൈസ്കൂളുകൾ, 20ഓളം ഹയർസെക്കൻഡറി സ്കൂളുകളുണ്ട്. ഹയർസെക്കൻഡറി സീറ്റുക്ഷാമം സംബന്ധിച്ച പ്രശ്നങ്ങൾ ഉയർന്നിട്ടില്ല. സർക്കാർ വിദ്യാലയങ്ങളിൽ നിരവധി അധ്യാപക ഒഴിവുകൾ ഇനിയും നികത്താനുണ്ട്.
• മഹാരാജാസ് കോളജാണ് മണ്ഡലത്തിലെ പ്രധാന സർക്കാർ കോളജ്. ഇവിടെ പുതിയ ഓഡിറ്റോറിയം നിർമാണം പൂർത്തീകരണത്തിലേക്ക് എത്തുന്നു.
•വായുമലിനീകരണം അതിരൂക്ഷമാണ്. ബ്രഹ്മപുരം മാലിന്യപ്ലാൻറിലുണ്ടായ തീപിടിത്തത്തെ തുടർന്ന് വായുമലിനീകരണം രൂക്ഷമായിരുന്നു. 40 മൈക്രോഗ്രാമിന് മുകളിലാണ് (59) കൊച്ചിയിലെ വായുമലിനീകരണ തോതെന്ന് തീപിടിത്തത്തിനു മുമ്പേതന്നെ റിപ്പോർട്ടുണ്ട്. എറണാകുളം മണ്ഡലത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ബ്രഹ്മപുരത്തേക്കാണ്. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യനിക്ഷേപം മൂലമുള്ള പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.
•ആറു കനാലുകളുടെ പുനരുജ്ജീവനത്തിനായുള്ള 1500 കോടിയുടെ പദ്ധതി കിഫ്ബി ഫണ്ട് അനുവദിക്കാത്തതിനാൽ നടപ്പാക്കാനായിട്ടില്ല. കനാലുകൾ നവീകരിച്ച് കൊച്ചിയിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനുള്ളതാണ് പദ്ധതി. ഇടപ്പള്ളി തോട്, തേവര- പേരണ്ടൂർ കനാൽ, കാരണക്കോടം കനാൽ, മാർക്കറ്റ് കനാൽ, കോന്തുരുത്തി കനാൽ എന്നീ കനാലുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. 1500 കോടി രൂപയാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, കിഫ്ബി ഫണ്ട് അനുവദിക്കാത്തതിനാൽ പദ്ധതികൾ ആരംഭിക്കാനായിട്ടില്ല.
വടുതല, അറ്റ്ലാൻറിസ് മേൽപാലങ്ങൾ എന്നിവയുടെ നിർമാണം ഫണ്ട് കിഫ്ബി അനുവദിക്കാത്തതിനാൽ എങ്ങുമെത്താതെ കിടക്കുകയാണ്. കുറങ്കോട്ട-വടുതല പാലത്തിനും കിഫ്ബി ഫണ്ട് അനുവദിച്ചിട്ടില്ല. വാത്തുരുത്തി മേൽപാലത്തിന്റെ രൂപരേഖ അന്തിമമാകാത്തതിനാൽ കിഫ്ബി ഫണ്ട് ലഭ്യമാക്കാനായിട്ടില്ല.
•കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ എറണാകുളം നോർത്തിൽ ആരംഭിച്ച സമൃദ്ധി ഭക്ഷണശാല വൻ വിജയമാണ്. നിരവധി സ്ത്രീകൾക്ക് ഇതിലൂടെ തൊഴിൽ ലഭിച്ചു. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഷീ ലോഡ്ജ് സേവനം അയ്യായിരത്തോളം പേർ പ്രയോജനപ്പെടുത്തി.
• വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)യുടെ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങളും ഭൂമിയും ഒഴിഞ്ഞുകിടക്കുന്നുണ്ട്. കടവന്ത്രയിൽ ഗാന്ധിനഗർ റോഡിന്റെ അരികിലുള്ള 88 സെന്റോളം സ്ഥലത്ത് ബഹുനില കമേഴ്സ്യൽ കം റെസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കാൻ പദ്ധതിയുണ്ടെങ്കിലും നടപടികൾ മുന്നോട്ടുനീങ്ങിയിട്ടില്ല.
• കേരളത്തിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് എറണാകുളം. മണ്ഡലത്തിലൂടെ കടന്നുപോകുന്ന കൊച്ചി മെട്രോ, ജലമെട്രോ, മറ്റ് ജലഗതാഗത സംവിധാനങ്ങൾ, ബോട്ടിങ്, വിവിധ മാളുകൾ, നഗരത്തിനു നടുവിലെ ദ്വീപുകളിലെ കാഴ്ചകൾ, മറൈൻഡ്രൈവ്, സുഭാഷ് പാർക്ക് എന്നിങ്ങനെ നിരവധി വിനോദകേന്ദ്രങ്ങളാണ് എറണാകുളം നിയമസഭ മണ്ഡലത്തിലുള്ളത്. നൈറ്റ് ലൈഫ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്ത് പദ്ധതികൾ ആസൂത്രണം ചെയ്തുവരുമ്പോൾ മറിച്ചുള്ള നടപടിയാണ് എറണാകുളത്തുണ്ടായതെന്നത് വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. മറൈൻ ഡ്രൈവിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതാണ് ആരോപണങ്ങൾക്ക് കാരണം.
• ഒരു മഴക്കുതന്നെ വെള്ളം കയറുന്ന സ്ഥിതിയാണ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ. പി ആൻഡ് ടി കോളനി, ഉദയ കോളനി നിവാസികളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. പി ആൻഡ് ടി കോളനിവാസികളെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതിയുണ്ടെങ്കിലും അനന്തമായി നീളുകയാണ്. എം.ജി റോഡ്, കലൂർ, ഇടപ്പള്ളി അടക്കം നഗരകേന്ദ്രത്തിലെ വ്യാപാരസ്ഥാപനങ്ങളും വെള്ളക്കെട്ട് ഭീതി അനുഭവിക്കുന്നുണ്ട്. ചേരാനെല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് ഭീഷണിയുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭവനരഹിതരുള്ള മേഖലയാണ് പശ്ചിമ കൊച്ചി. പതിമൂവായിരത്തോളം പേർ സീറോ ലാൻഡ് ലെസ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും ഒരു വീടുപോലും മേഖലയിൽനിന്നുള്ളവർക്ക് നൽകിയില്ല. ലൈഫ് പദ്ധതിപ്രകാരം വീടുകൾ സാധാരണക്കാർക്ക് ചെറിയ രിതിയിൽ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇഴഞ്ഞാണ് നീങ്ങുന്നതെങ്കിലും 400 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയ പദ്ധതി പുരോഗമിക്കുന്നുണ്ട്.
• യാത്രാസൗകര്യങ്ങളുടെ കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. മട്ടാഞ്ചേരിയിൽനിന്നുള്ള ബോട്ട് സർവിസ് നിലച്ചിട്ട് അഞ്ചു വർഷമായി. സന്ധ്യയായാൽ ബസ് സർവിസുമില്ല. ടെട്രാപോഡ് പാകി കടൽകയറ്റം പാതിഭാഗത്ത് പരിഹരിച്ചെങ്കിലും ഇനിയും ബാക്കിയുണ്ട്. തൊഴിൽ മേഖലകൾ ഓരോന്നായി ഇല്ലാതാകുന്നത് വലിയ പ്രശ്നമാണ്.
• കുടിവെള്ള പ്രശ്നം പൂർണമായി പരിഹരിച്ചിട്ടില്ല. ജനസാന്ദ്രത ഏറിയ മേഖലകളിൽ പ്രത്യേകിച്ച്, ചേരികളിൽ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.
•ചിലയിടങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും റോഡുകൾ തകർന്നുകിടക്കുന്നുണ്ട്.
•രണ്ടു താലൂക്ക് ആശുപത്രി, നഗരസഭ ആശുപത്രി, പ്രാഥമിക ചികിത്സ കേന്ദ്രം എന്നിവയുണ്ടെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് സാധാരണക്കാരായ രോഗികളെ ബാധിക്കുന്നുണ്ട്. കിടത്തി ചികിത്സയും പേരിനുമാത്രം.
• മഹാരാജാസ് ആശുപത്രിയിലെ പുതിയ കെട്ടിട നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. മൂന്നു വർഷമായി പദ്ധതി മുടന്തുന്നു.
• സർക്കാർ എയ്ഡഡ് സ്കൂളുകൾ ആവശ്യത്തിനുണ്ട്. കൊച്ചി നഗരസഭയുടെ കൂടി പങ്കാളിത്തമുള്ള സ്വകാര്യ മാനേജ്മെന്റിനു കീഴിലുള്ള കൊച്ചിൻ കോളജ് മാത്രമാണ് മണ്ഡലത്തിലുള്ളത്.
• കൊച്ചിൻ ഫിഷറീസ് ഹാർബറാണ് മുഖ്യ തൊഴിൽ മേഖല. ഒരു കാലത്ത് പതിനായിരങ്ങളുടെ തൊഴിലിടങ്ങളായ കൊച്ചി തുറമുഖം, മട്ടാഞ്ചേരി ബസാർ എന്നിവിടങ്ങളിൽ ജോലിയില്ലാത്ത അവസ്ഥയാണ്.
• കിഫ്ബി വഴിയുള്ള മഹാരാജാസ് താലൂക്ക് ആശുപത്രി നവീകരണം നിലച്ചു.
• കൊച്ചി താലൂക്കിൽ മിനി സ്റ്റേഷൻ പ്രഖ്യാപിച്ച് രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയിട്ടില്ല. പൈതൃക സംരക്ഷണ മേഖലയായതിനാൽ പുരാവസ്തുവകുപ്പിന്റെ തടസ്സങ്ങളുണ്ട്.
• കേരളത്തിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവ മണ്ഡലത്തിലാണ്. പദ്ധതികൾ പലതും പ്രഖ്യാപിക്കപ്പെടുകയല്ലാതെ നടക്കുന്നില്ല.
മണ്ഡലത്തിലെ പ്രധാന പ്രശ്നം കുടിവെള്ളമാണ്. ഫ്ലാറ്റുകളിലും ഉയർന്ന പ്രദേശങ്ങളിലും ഇപ്പോഴും പൈപ്പ് വഴി വെള്ളം കിട്ടുന്നില്ല. അമിത തുക നൽകി ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കുടിവെള്ള പദ്ധതികൾ പലതും ഉണ്ടെങ്കിലും യാഥാർഥ്യമായിട്ടില്ല. സമാന്തര മൈക്രോ കുടിവെള്ളപദ്ധതികള് പ്രവർത്തനരഹിതമാണ്. നിലവിലെ വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയുടെ ശേഷി വർധിപ്പിക്കുന്നത് അപ്രായോഗികമാണ്. എന്നാൽ, ജലസംഭരണിയുടെ എണ്ണം വർധിപ്പിച്ചാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
• ബ്രഹ്മപുരത്തേക്കുള്ള നീക്കം തടഞ്ഞതോടെ മാലിന്യ പ്രശ്നം കീറാമുട്ടിയാണ്. പുതിയ പൊതു പ്ലാന്റ് സ്ഥാപിക്കുകയോ വാർഡ് അടിസ്ഥാനത്തിൽ വികേന്ദ്രിത പ്ലാന്റ് നിർമിക്കുകയോ മാത്രമേ വഴിയുള്ളൂ.
• മണ്ഡലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രധാന റോഡായ സീപോർട്ട്-എയർപോർട്ട് റോഡും സിവിൽ ലൈൻ റോഡും എപ്പോഴും കുരുക്കിലാണ്. കാക്കനാട്ടേക്കുള്ള മെട്രോ നിർമാണം തുടങ്ങുന്നതോടെ കുരുക്ക് കൂടുമെന്ന ആശങ്കയുണ്ട്. ഇടറോഡുകൾ വികസിപ്പിച്ച് വാഹനങ്ങൾ അതുവഴി തിരിച്ചുവിട്ട് പരിഹാരം കാണാം. ദേശീയപാത 66 ബൈപാസ് തൃക്കാക്കര മണ്ഡലം വഴിയാണ് പോകുന്നത്. ഇതിനുമുകളിലൂടെ എലിവേറ്റഡ് പാത വരുമെന്ന് പറയുന്നുണ്ട്. ഇത് വന്നാൽ യാത്രാ ക്ലേശത്തിന് പരിഹാരമാകും.
• കാക്കനാട്, എന്.ജി.ഒ ക്വാര്ട്ടേഴ്സ്, കെന്നടിമുക്ക് ഭാഗങ്ങളിലായി മൂന്ന് ആരോഗ്യകേന്ദ്രങ്ങളാണ് പ്രവര്ത്തിക്കുന്നത്. കാക്കനാട്ടെയും കെന്നടിമുക്കിലെയും കുടുംബാരോഗ്യകേന്ദ്രങ്ങളാണ്. നിലവിൽ കിടത്തിച്ചികിത്സയില്ല. കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തില് കിടത്തിച്ചികിത്സ ഒരുക്കണമെന്നാണ് പൊതു ആവശ്യം.
• കൊച്ചി കോർപറേഷനും തൃക്കാക്കര നഗരസഭയും ഫണ്ട് ചെലവഴിച്ച് സ്കൂളുകൾ മികച്ച നിലവാരത്തിലാക്കിയിട്ടുണ്ട്. ഉമ തോമസ് എം.എൽ.എ ഫണ്ട് നൽകി പല സ്കൂളുകളും മികച്ച രീതിയിലുള്ള ഐ.ടി ലാബുകൾ തുടങ്ങിയിട്ടുണ്ട്. മികച്ച നിലവാരത്തിൽ ഏറ്റവും കൂടുതൽ കോളജുകളും സ്കൂളുകളുള്ളതും തൃക്കാക്കര മണ്ഡലത്തിലാണ്.
• ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (സെസ്) എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
യാത്രാദുരിതം, വേലിയേറ്റ ഭീഷണി തുടങ്ങിയവയാണ് പ്രധാന ജനകീയ പ്രശ്നങ്ങൾ. ദശകങ്ങളായി നിലവിലുള്ള കുടിവെള്ള പ്രശ്നം പോലുള്ളവ ചില മേഖലകളിലെങ്കിലും നിലനിൽക്കുന്നു. പടിഞ്ഞാറൻ മേഖലയിലെ യാത്രാദുരിതവും പ്രധാന പ്രശ്നമാണ്. തീരദേശ റോഡ് ഇപ്പോഴും അപൂർണമാണ്. കടൽഭിത്തി ഇല്ലാത്തതു മൂലമുള്ള സുരക്ഷ ഭീഷണി ഇതിനു പുറമെ. പൊതു പരിഹാരമാർഗം ഇല്ല.
• മണ്ഡലത്തിലെ പ്രധാന ഗതാഗതം സംസ്ഥാന പാതയിലൂടെയാണ്. വാഹനങ്ങൾ വർധിച്ചതോടെ റോഡ് അപര്യാപ്തമായി. വീതി കൂട്ടൽ പ്രായോഗികമല്ലാത്തതിനാൽ ബദൽ റോഡാണ് ആവശ്യം. അതിന് അനുയോജ്യം കായലോരത്തു കൂടിയുള്ള റോഡാണ്.
• ഞാറക്കൽ പഞ്ചായത്തിൽ മാസങ്ങളായി ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത സ്ഥലങ്ങളുണ്ട്. ശുദ്ധജല സംഭരണി കമീഷൻ ചെയ്തിട്ടുപോലും അവസ്ഥക്ക് മാറ്റമില്ല. വൈപ്പിൻകരക്ക് മാത്രമായി സമഗ്ര കുടിവെള്ള പദ്ധതി ആവശ്യമാണ്.
• തീരദേശ പരിപാലന നിയമം എന്ന കടമ്പ നിലനിൽക്കുന്നതിനാൽ ലൈഫ് മിഷൻ പോലുള്ള ഭവന പദ്ധതികൾ തടസ്സപ്പെടുന്ന സാഹചര്യമുണ്ട്.
•പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയവയുടെ നില താരതമ്യേന ഭേദമാണ്. അതേസമയം, ആധുനിക കെട്ടിട സൗകര്യങ്ങൾ ഉണ്ടായിട്ടും ഡോക്ടർമാർ വേണ്ടത്ര ഇല്ലാത്തതിനാൽ കിടത്തി ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യം ഞാറക്കൽ പോലുള്ള സ്ഥലങ്ങളിലുണ്ട്. രാത്രിചികിത്സക്കുള്ള സൗകര്യം പല സർക്കാർ ആശുപത്രികളിലും ഇല്ല. മുനമ്പം സർക്കാർ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാതായിട്ട് വർഷങ്ങളായി.
•സ്കൂളുകളുടെ സ്ഥിതി പൊതുവെ മെച്ചമാണ്. കൂടുതൽ ഹൈസ്കൂളുകൾക്ക് പ്ലസ് ടു അനുവദിക്കേണ്ടത് അനിവാര്യമാണ്.
•ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷമാണ് മണ്ഡലത്തിൽ സർക്കാർ കോളജ് അനുവദിക്കപ്പെട്ടത്. എന്നാൽ, തൊഴിൽ സാധ്യതയുള്ളതും വിദ്യാർഥികൾക്കിടയിൽ ഡിമാൻഡ് ഉള്ളതുമായ കോഴ്സുകൾ ഇവിടേക്ക് വരേണ്ടിയിരിക്കുന്നു.
•മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം എവിടെയുമില്ല. മാലിന്യങ്ങൾ പ്രധാനമായും നിക്ഷേപിക്കപ്പെടുന്നത് ജലാശയങ്ങളിലാണ്. നൂറുകണക്കിന് സന്ദർശകർ എത്തുന്ന ബീച്ചുകളിൽ പോലും മാലിന്യ സംസ്കരണത്തിന് സംവിധാനമില്ല.
• പ്രധാന കൃഷിയായിരുന്ന പൊക്കാളി ഏതാണ്ട് പൂർണമായും ഇല്ലാതായി. പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങൾ വേണ്ടത്ര ഫലം കാണുന്നില്ല. പൊക്കാളി നെല്ല് ഏറ്റെടുത്ത വകയിൽ കർഷകർക്ക് പലയിടത്തും പണം കിട്ടാനുണ്ട്.
• ബീച്ച് മേഖലയിലെ അപര്യാപ്തതകൾ ടൂറിസം പദ്ധതികൾക്ക് തടസ്സമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.