കൊച്ചി: പദ്ധതികളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാൽ ധനകാര്യ കമീഷൻ ഗ്രാൻറ് കൊച്ചി നഗരസഭക്ക് നഷ്ടമാകാൻ സാധ്യത. ഈ വർഷം മുതൽ ആരംഭിക്കുന്ന 15ാം ധനകാര്യ കമീഷെൻറ ഗ്രാൻറും 2020 -21 സംസ്ഥാന വാർഷികപദ്ധതി അടങ്കലിെൻറ പുതുക്കിയ തുകയും കൊച്ചി നഗരസഭക്ക് അനുവദിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് ജൂൺ 30ന് ഇറക്കിയ ഉത്തരവ് പ്രകാരം തുക വിനിയോഗത്തിന് പൂർത്തിയാക്കേണ്ടിയിരുന്ന നടപടിക്രമങ്ങൾ കൃത്യമായി നടന്നിട്ടില്ല. പുതുക്കിയ ബജറ്റ് നിർദേശത്തിെൻറ അടിസ്ഥാനത്തിൽ നഗരസഭക്ക് സംസ്ഥാന സർക്കാർ വിഹിതമായി 83,67,04,000 രൂപയും 15ാം ധനകാര്യ കമീഷൻ ഗ്രാൻറായി 59 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതുപ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി ഡി.പി.സിയുടെ അംഗീകാരം തേടണം.
എന്നാൽ, ഒരുമാസം കഴിഞ്ഞ് കൗൺസിലിൽ കൊണ്ടുവന്ന അജണ്ടയിൽ ഇതുമായി ബന്ധപ്പെട്ട് തയാറാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് ഒരു വ്യക്തതയുമില്ലായിരുന്നു. മാത്രമല്ല ബന്ധപ്പെട്ട വർക്കിങ് കമ്മിറ്റികൾ കൂടി ചർച്ചചെയ്യുകയോ സ്ഥിരംസമിതികളുടെ അംഗീകാരം നേടുകയോ ചെയ്തിട്ടില്ല. നഗരത്തോട് ചേർന്നുകിടക്കുന്ന മുനിസിപ്പാലിറ്റികളുടെ വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ധനകാര്യ കമീഷൻ അനുവദിച്ചിട്ടുള്ള തുകയിൽനിന്ന് 23.14 കോടി ചെലവഴിക്കണം.
ഇതിെൻറ ഏകോപനത്തിന് ബന്ധപ്പെട്ട നഗരസഭകളുടെ അധ്യക്ഷന്മാരെയും സെക്രട്ടറിമാരെയും ഉൾപ്പെടുത്തിക്കൊണ്ട് ജോയൻറ് പ്ലാനിങ് കമ്മിറ്റി കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ രൂപവത്കരിക്കണമെന്ന് നിർദേശവും നടപ്പാക്കിയിട്ടില്ല. എന്നാൽ, സമയബന്ധിതമായി പദ്ധതികൾ തയാറാക്കി ഡി.പി.സി അംഗീകാരം നേടാൻ കഴിയുമോയെന്ന ആശങ്കയിലാണ് കൗൺസിലർമാർ.
2019-20ൽ ധനകാര്യ കമീഷൻ ഗ്രാൻറായി അനുവദിച്ച 64.42 കോടി രൂപ പൂർണമായി ചെലവഴിക്കാതെ 21.60 കോടി രൂപ നഷ്ടപ്പെടുത്തിയ അനുഭവവും നഗരഭരണത്തിെൻറ കാര്യശേഷിയില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്നും ഗ്രാൻറ് നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണിയും എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.