സുരക്ഷ ഉപകരണങ്ങളില്ല; ജീവൻ പണയംവെച്ച് പാമ്പുപിടിത്തക്കാർ

കൊച്ചി: പാമ്പുപിടിക്കാൻ ലൈസൻസുണ്ടെങ്കിലും മതിയായ സുരക്ഷ ഉപകരണങ്ങളുടെ അഭാവംമൂലം അപകട ഭീതിയിൽ ജില്ലയിലെ അംഗീകൃത പാമ്പുപിടിത്തക്കാർ. വനംവകുപ്പിന്‍റെ ലൈസൻസുള്ള എൺപതോളം പാമ്പുപിടിത്തക്കാരാണ് ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്നത്. 'സർപ്പ' ആപ്പിന്‍റെ വരവോടെ സർക്കാർ അംഗീകൃത പാമ്പ് പിടിത്തക്കാർക്ക് പിടിപ്പത് പണിയാണ്. ജനവാസ കേന്ദ്രങ്ങളില്‍ പാമ്പുകളെ കണ്ടാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ലഘൂകരിക്കാനാണ് വനംവകുപ്പ് 'സര്‍പ്പ' ആപ് (സേനക്ക് അവയര്‍നസ് റെസ്‌ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്ലിക്കേഷന്‍) ആവിഷ്കരിച്ചത്.

അപകട ഭീതിയുയർത്തുന്ന രീതിയിൽ പാമ്പിനെ കണ്ടാല്‍ ആപ്പില്‍ വിവരമിട്ടാൽ മതി. ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത പാമ്പുപിടിത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കും സന്ദേശമെത്തും. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള പാമ്പുപിടിത്തക്കാരൻ എത്തി പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയില്‍ വിടുകയും ചെയ്യും.

പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമാണ് ഇത്തരത്തിൽ ഉദ്യമത്തിന് തുടക്കമിട്ടത്. എന്നാൽ, ഈ സംവിധാനങ്ങളെല്ലാം ഉള്ളപ്പോഴും പാമ്പുപിടിത്തക്കാരുടെ ജീവിതം പലപ്പോഴും അപകടമുനമ്പിലാണ്. സംസ്ഥാനത്ത് വനംവകുപ്പ് രണ്ട് ഘട്ടങ്ങളിലായി സന്നദ്ധ സേവകരായ പാമ്പുപിടിത്തക്കാർക്ക് പരിശീലനം നൽകി ലൈസൻസ് നൽകിയിരുന്നു.

ഇതോടൊപ്പം നൽകിയ സുരക്ഷ കിറ്റിൽ മൂന്ന് ഹുക്കുകളും ഒരു ബാഗുമാണുള്ളത്. ഇത് അപര്യാപ്തമാണെന്നാണ് പാമ്പുപിടിത്തക്കാർ പറയുന്നത്.അണലി പോലുള്ള അപകടകാരികളായ പാമ്പുകളെ പിടികൂടാൻ ഗം ബൂട്ട്, രാത്രിയിലാണ് കൂടുതൽ പാമ്പുകളെ പിടികൂടുന്നത് എന്നതിനാൽ ഹെഡ്ലൈറ്റ്, പിടികൂടുന്ന പാമ്പുകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ (കൂട്) എന്നിവയെല്ലാം ഈ സേവനത്തിൽ അത്യാവശ്യമാണ്. ഇതൊന്നും ഇവർക്ക് നൽകുന്നില്ല.

രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയ പലർക്കും കിറ്റുപോലും ലഭിച്ചിട്ടില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി പ്രതിഫലേച്ഛയില്ലാതെ, വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന തങ്ങളെ സർക്കാറോ സന്നദ്ധ സംഘടനകളോ ഇക്കാര്യത്തിൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ.

Tags:    
News Summary - No safety equipment; Snake catchers risk their life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.