വൈപ്പിന്‍കരയുടെ മുഖച്ചിത്രമാണ് ചെമ്മീന്‍ കെട്ടുകള്‍. ദ്വീപിന്റെ മൊത്തം വിസ്തൃതിയുടെ വലിയൊരു ഭാഗവും ചെമ്മീന്‍ കെട്ടുകളാണ്. വർഷത്തിൽ ആറുമാസം ചെമ്മീന്‍ കെട്ടായി മാറുന്നവയും സ്ഥിരം കെട്ടുകളും കൂട്ടത്തിലുണ്ട്.നാടിന്റെ സാമ്പത്തികാഭിവൃദ്ധിയില്‍ മുഖ്യപങ്കുവഹിച്ചിരുന്ന ഈ ജലപ്പരപ്പുകള്‍ ഇന്ന് സാമ്പത്തികമായും സാമൂഹികമായും ഒരു ജനതക്ക് ഏല്പിക്കുന്ന പരിക്കുകള്‍ ചെറുതല്ല. ഒരുകാലത്ത് സാമ്പത്തിക ശേഷിയുള്ളവരുടെ മാത്രം മേഖലയായിരുന്നു ഇതെങ്കില്‍ പിന്നീട് സാധാരണക്കാരായ യുവാക്കള്‍ വരെ കടന്നുവന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചെമ്മീന്‍പാടങ്ങള്‍ ഏറെയും മുഴുസമയ വൈറസ് രോഗബാധയുടെയും ജല മലിനീകരണത്തിന്റെയുമൊക്കെ പിടിയിലാണ്.കെട്ട് പാട്ടത്തിനെടുത്തവര്‍ക്കും കൊടുത്തവര്‍ക്കും നഷ്ടത്തിന്റെ കയ്പേറിയ അനുഭവങ്ങളാണുള്ളത്. സമാശ്വാസ നടപടികള്‍ ആവിഷ്കരിക്കാന്‍ സർക്കാറും മടിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
ആറുമാസം പൊക്കാളി നെൽകൃഷിയും അതിനടുത്ത ആറുമാസം ചെമ്മീൻ കൃഷിയുമെന്ന രീതിയാണ് വൈപ്പിനില്‍ പരമ്പരാഗതമായി നിലനിൽക്കുന്നത്. വിവിധ കാരണങ്ങളാല്‍ നെൽകൃഷി നഷ്ടത്തിലാകുന്ന സാഹചര്യത്തില്‍ ചെമ്മീൻ കൃഷിയില്‍നിന്നുള്ള വരുമാനമാണ് പല കർഷകർക്കും ആശ്വാസമായിരുന്നത്. കാലാവസ്ഥ വ്യതിയാനവും വെള്ളത്തിലെ രാസമാലിന്യ സാന്നിധ്യവും മൂലം ചെമ്മീനുകളുടെ സ്വാഭാവിക പ്രജനനത്തില്‍ കുറവുവന്നതിനാല്‍ ഭൂരിപക്ഷം കർഷകരും പണം മുടക്കി ചെമ്മീൻ കുഞ്ഞുങ്ങളെ കൃത്രിമമായി നിക്ഷേപിക്കുന്നതായിരുന്നു രീതി.
വൈറസ് ബാധ തുടർക്കഥയായതോടെ കാര്യങ്ങള്‍ കൈവിട്ട് നിലനില്പുതന്നെ ഭീഷണിയിലായി. സീസണിന്റെ തുടക്കത്തില്‍ ദൃശ്യമാകുന്ന രോഗബാധ വൈകാതെ അപ്രത്യക്ഷമാകുന്നതായിരുന്നു പതിവെങ്കില്‍ പിന്നീട് കെട്ടുകളുടെ കാലാവധി അവസാനിക്കുന്നതുവരെ തുടര്‍ന്നു.
നാരന്‍, കാര ഇനങ്ങളില്‍പെട്ട ചെമ്മീനുകള്‍ക്കാണ് മുന്‍കാലങ്ങളില്‍ വൈറസ് ബാധ കൂടുതലായി പിടികൂടിയിരുന്നെങ്കില്‍ ഇപ്പോള്‍ ‘തെള്ളി’ ചെമ്മീനുകളും കൂട്ടത്തോടെ ചത്തു തുടങ്ങി. തലയില്‍ വെള്ളക്കുത്തുകള്പോലെ കാണപ്പെടുന്ന ‘വൈറ്റ് സ്പോട്ട്’ രോഗമാണ് ചെമ്മീനുകളെ എല്ലാ വര്‍ഷവും ബാധിക്കുന്നത്. ഇത് മൂര്‍ധന്യാവസ്ഥയിലെത്തുമ്പോള്‍ കാലുകള്‍ ചുവക്കും. പിന്നീട് ഇത് ചളിയില്‍ ഇരുന്നുതന്നെ ദ്രവിച്ച് തൊണ്ടുമാത്രമാകും.
ചെമ്മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോൾ കർഷകർക്ക് പിടിവള്ളിയായത് ഞണ്ടുകളായിരുന്നു. ഞണ്ടിൻ കുഞ്ഞുങ്ങളെ കെട്ടിൽ നിക്ഷേപിച്ച് തീറ്റ നൽകി വളർത്തിയെടുക്കുന്ന രീതി തുടക്കത്തില്‍ വിജയിച്ചു. കാലക്രമേണ അവിടെയും രോഗബാധ വില്ലനായി. ഞണ്ടിന് മോശമല്ലാത്ത വില ലഭിക്കുന്നതിനാൽ ഒട്ടുമിക്ക കർഷകരും കെട്ടുകളിൽ വൻതോതിലാണ് ഞണ്ടിന് കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നത്. കിലോക്ക് 100 രൂപക്കായിരുന്നു ആദ്യം ഞണ്ടിൻ കുഞ്ഞുങ്ങളെ ലഭിച്ചിരുന്നത്. നിലവിൽ ക്ഷാമം മൂലം ആവശ്യത്തിന് കിട്ടാനില്ലാത്ത സ്ഥിതിയായി.
ഞണ്ടുകൾ പെട്ടെന്ന് തൂക്കം വെക്കുന്നതിന് കക്ക പുഴുങ്ങിയതടക്കം മെച്ചപ്പെട്ട തീറ്റ നൽകുന്നതിനുവേണ്ടിയും നല്ലൊരു തുകയാണ് ചെലവഴിക്കുന്നത്. എന്നാൽ വളര്‍ച്ചയെത്തും മുമ്പുതന്നെ ഇവയില്‍ ഭൂരിപക്ഷവും നശിക്കുന്നത് പതിവായിരിക്കുകയാണ്. സാമാന്യം വലുപ്പമുള്ള, വളര്‍ച്ചയെത്തിയ ഞണ്ടിന് കിലോക്ക് 1500-2000 രൂപ വിലയുള്ളപ്പോഴാണ് ഈ തിരിച്ചടി.
കായലുകളിലും ഞണ്ടുകളുടെയും ചെമ്മീന്റെയും ലഭ്യത ഗണ്യമായി കുറഞ്ഞുവരുന്നത് പ്രകടമാണ്. ദിനംപ്രതി 50 കിലോയിലധികം ഞണ്ടുകള്‍ എത്തിയിരുന്ന പല കച്ചവട കേന്ദ്രങ്ങളിലും ഇപ്പോള്‍ വരവ് നേര് പകുതിയാണ്. ഇതിന് പുറമെ, കെട്ടുകളിൽനിന്ന് ലഭിച്ചിരുന്ന മീനുകളുടെ വൈവിധ്യത്തിലും എണ്ണത്തിലുമെല്ലാം കാര്യമായ കുറവുണ്ടായിട്ടുണ്ട്. രുചിയിലും വിലയിലും മുന്നിലുള്ള കണമ്പ്, പ്രായൽ, കരിമീൻ തുടങ്ങിയ പത്തോളം മീനുകളുടെ ലഭ്യത കുറഞ്ഞു. രുചിയിൽ പിന്നിലായ തരം കരിമീനുകളാണ് ഇപ്പോൾ അധികരിച്ചിരിക്കുന്നത്. പ്രാദേശിക മാർക്കറ്റുകളിൽ സുലഭമായി ലഭിച്ചിരുന്ന തിലാപ്പിയ മത്സ്യം ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ചെമ്മീൻ കെട്ടുകളിലെ രോഗബാധക്ക് പ്രതിവിധിയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. നിലമൊരുക്കുന്നതുമുതല്‍ അതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.വെള്ളം വറ്റിച്ച് ദിവസങ്ങളോളം പാടം ഉണക്കുന്നതും കുമ്മായം വിതറുന്നതുമെല്ലാം ഏറെ ഗുണം ചെയ്യും. എന്നാൽ, ഇത്തരം കാര്യങ്ങളെക്കുറിച്ച് കർഷകർക്കിടയിൽ ബോധവത്കരണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.
കൃഷി സമാജങ്ങളും മറ്റും നിലവിലുണ്ടെങ്കിലും പൊതുവെ ചെമ്മീൻ കർഷകർ അസംഘടിതരായതിനാൽ തങ്ങള്‍ക്ക് സംഭവിക്കുന്ന നഷ്ടത്തിന്റെ തോതുപോലും അധികൃതരെ ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്. സർക്കാറും ബന്ധപ്പെട്ട ഏജന്‍സികളും അത് മുതലെടുത്ത് മനഃപൂർവം നിസ്സംഗത തുടരുകയാണ്.ഇനിയും പ്രതീക്ഷ കൈവിടാതെ ഈ രംഗത്ത് തുടരുന്നവർ സർക്കാറിന്റെ ഇടപെടലാണ് അടിയന്തരമായി ആവശ്യപ്പെടുന്നത്.
വേലിയേറ്റത്തില്‍ വെള്ളം പൊങ്ങി വിവിധ കെട്ടുകള്‍ ഒന്നായി മാറുമ്പോള്‍ നിക്ഷേപിച്ച ചെമ്മീന്‍ കുഞ്ഞുങ്ങളും ഞണ്ടിന് കുഞ്ഞുങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഒഴുകി പുഴയിലേക്കും പുറത്ത് തോട്ടിലും ചെന്നു കയറും. ശക്തമായ വേലിയേറ്റം മൂലവും മത്സ്യകര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
കിഴക്കന്‍ മേഖലയിലെ ഫാക്ടറികളില്‍നിന്ന് മഴക്കാലത്ത് വലിയ തോതിലാണ് മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇതും മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുന്നുണ്ട്.
പ്രതിസന്ധിയുടെ കാറും കോളും നിറഞ്ഞ് ആടി ഉലയുകയാണ് ആഴക്കടൽ മത്സ്യബന്ധനം. അതേക്കുറിച്ച് നാളെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.