പൊയ്ക്കാട്ടുശ്ശേരി: നിരവധി മികവുറ്റ കായിക താരങ്ങളെ കൈരളിക്ക് സംഭാവന ചെയ്ത നെടുമ്പാശ്ശേരി പഞ്ചായത്തിലെ പൊയ്ക്കാട്ടുശ്ശേരി ഗ്രാമം കളിഗ്രൗണ്ടിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു.
ഗ്രാമവാസികളുടെ നിതാന്ത പരിശ്രമം മൂലം 1998ൽ പൊയ്ക്കാട്ടുശ്ശേരി ഗവ. എൽ.പി സ്കൂളിന് സമീപത്തെ ‘കാവിക്കുളം’ എന്ന അരയേക്കറിലധികം വരുന്ന ചതുപ്പ് നിലം പഞ്ചായത്ത് ഏറ്റെടുത്ത് കളിഗ്രൗണ്ടാക്കി നാടിന് സമർപ്പിച്ചെങ്കിലും നാളിതുവരെ രണ്ട് പോസ്റ്റുകൾ സ്ഥാപിച്ചതല്ലാതെ യാതൊരു വികസനവുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ കോച്ച് എം.ബി. രാജേഷ്, ഓൾ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ കോച്ച് സിന്റോ പോൾ, ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആൻഡ് ഐ-ലീഗ് മിനർവ പഞ്ചാബ് അക്കാദമി കോച്ചുമായ ലിയോ ബഹനാൻ, സബ് ഡിസ്ട്രിക്ട് ഫുട്ബാൾ താരം ആദിത്യൻ അജി, ഹാൻഡ് ബാൾ താരം റോഷൻ ബിനിൽ, മിന്നും താരങ്ങളായ മാത്യൂസ് പോൾ, ബേസിൽ പോൾ, അനുരാജ്, അജയ്, എം.വൈ. എൽദോ, ലിജോ ബഹനാൻ, വിഷ്ണു വിനോദ്, എമിൽ കെ. ബഹനാൻ, കെ.എസ്. ശരത്, അർജുൻ സുരേഷ്, ഗോൾ കീപ്പർ ഫെബിൻ ഡി.കുര്യൻ തുടങ്ങിയവർ പൊയ്ക്കാട്ടുശ്ശേരി ഗ്രാമത്തിന്റെ അഭിമാന താരങ്ങളാണ്.
പഞ്ചായത്ത് നാടിന് സമർപ്പിച്ച കാവിക്കുളം ഗ്രൗണ്ട് കാലാകാലങ്ങളിൽ സംരക്ഷിക്കുകയോ, നവീകരിക്കുകയോ ചെയ്യാതെ വന്നതോടെ ‘സാക്ഷാൽ കുള’മായി മാറുകയായിരുന്നു. ഗ്രാമത്തിലെ താരങ്ങൾ, കായിക പ്രേമികൾ, യുവാക്കൾ, വിദ്യാർഥികൾ, നാട്ടുകാരുമടക്കം പ്രായഭേദമില്ലാതെ ഏറെ ക്ലേശം സഹിച്ച് കാട് വെട്ടിത്തളിച്ചും, വെള്ളക്കെട്ട് നീക്കിയുമാണ് പലപ്പോഴും പരിശീലനങ്ങളും, ടൂർണമെന്റുകളും സംഘടിപ്പിച്ച് വന്നിരുന്നതെങ്കിലും ഇപ്പോൾ അവസ്ഥ അതിദയനീയമാണ്.
മൂന്നടിയോളം ഉയരമുള്ള റോഡിലെ വെള്ളം ഒഴുകാൻ ഇടമില്ലാതെ ഗ്രൗണ്ടിൽ ശക്തമായ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. മണ്ണിട്ട് ഉയർത്തി റോഡിനേക്കാൾ ഉയരത്തിൽ ഗ്രൗണ്ട് നവീകരിക്കുകയും, ഗ്രൗണ്ടിൽ നിറയുന്ന വെള്ളം തൊട്ടടുത്ത വയലിലേക്ക് ഒഴുകാൻ ശാസ്ത്രീയ സംവിധാനം ഒരുക്കുകയും ചെയ്താലേ ഗ്രൗണ്ട് പ്രയോജനപ്പെടുത്താനാകൂ. ബലക്ഷയമുള്ള മതിലുകൾ അറ്റകുറ്റപ്പണി നടത്തുക, സാമൂഹിക വിരുദ്ധരുടെയും, വളർത്തുമൃഗങ്ങളുടെയും ശല്യം ഇല്ലാതാക്കുക, ഫ്ലഡ് ലൈറ്റുകൾ, വൈദ്യുത കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
മാറി വന്ന തൃതല പഞ്ചായത്ത് അധികാരികൾ, എം.എൽ.എ, കലക്ടർ, മുഖ്യമന്ത്രിമാരുടെ ജനസമ്പർക്ക പരിപാടി, നവ കേരള സദസ്സ് തുടങ്ങിയവയിലെല്ലാം നിവേദനങ്ങളും, പരാതികളും സമർപ്പിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. അടുത്തിടെ ഗ്രൗണ്ട് നവീകരണം ആവശ്യപ്പെട്ട് ഏറെ പ്രതീക്ഷയോടെ 600ഓളം പേർ ഒപ്പിട്ട നിവേദനമാണ് നെടുമ്പാശ്ശേരി പഞ്ചായത്ത് അധികാരികൾക്ക് സമർപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.