കൊച്ചി: എയർടെൽ, ജിയോ കമ്പനികൾക്ക് നഗരത്തിൽ കേബിൾ ഇടാൻ മുൻകൂർ അനുമതി നൽകിയതിനെച്ചൊല്ലി നഗരസഭ കൗൺസിലിൽ വിവാദം. 15 കോടി രൂപ വാങ്ങി മുൻകൂർ അനുമതി നൽകിയതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ അംഗം ആൻറണി പൈനുംതറയും ദീപ്തി മേരി വർഗീസും രംഗത്തെത്തി. ഇരുകമ്പനിയും പോസ്റ്റ് വാടകയിനത്തിൽ കോർപറേഷനിലേക്ക് കോടികൾ നൽകാനുള്ളപ്പോൾ ധനകാര്യ കമ്മിറ്റിയുടെ അനുമതിയില്ലാതെ കേബിൾ ഇടാൻ സമ്മതം നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് അവർ പറഞ്ഞു. ഇതേതുടർന്ന് ധനകാര്യ കമ്മിറ്റിയുടെ അനുമതിക്ക് വിടാൻ കൗൺസിൽ തീരുമാനിച്ചു.
പള്ളുരുത്തി മേഖലയിലെ 12 മുതൽ 21വരെ ഡിവിഷനുകളിൽ എയർടെല്ലിന് 544 പോസ്റ്റ് ഇടാനാണ് അനുമതി നൽകിയത്. വൈറ്റില മേഖലയിലെ 53, 49, 57, 52 ഡിവിഷനുകളിൽ 862 പോസ്റ്റിന് ജിയോ അനുമതി നേടി. എയർടെല്ലിന് വൈറ്റിലയിൽതന്നെ 11 ഡിവിഷനിൽ 2616 പോസ്റ്റ് ഇടാനും അനുമതി നൽകിയിട്ടുണ്ട്. ഫോർട്ട്കൊച്ചി മേഖല ഓഫിസ്, ഇടപ്പള്ളി മേഖല ഓഫിസ് എന്നിവയുടെ പരിധിയിൽ വിവിധ റോഡുകളിൽ ഒാപ്ടിക്കൽ ഫൈബർ വലിച്ച് പോസ്റ്റ് സ്ഥാപിക്കാനും ഓവർഹെഡ് കേബിൾ വലിക്കാനും ഇരുകമ്പനിക്കും റോഡ് മുറിക്കാനും മുൻകൂർ അനുമതി നൽകി.
ഒരു പോളിന് 579, 500 എന്നിങ്ങനെ വ്യത്യസ്ത വാർഷിക വാടകയാണ് ഈടാക്കുന്നത്. റോഡ് പുനരുദ്ധാരണ ഫീസ് ഈടാക്കി റോഡ് മുറിക്കാനുള്ള അനുമതി നഗരാസൂത്രണകാര്യ സ്ഥിരം സമിതിയുടെ ഫെബ്രുവരി 26ലെ യോഗത്തിൽ ശിപാർശ ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ഉൾപ്പെടുന്ന മാർച്ച് 18ലെ സ്റ്റിയറിങ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് വ്യവസ്ഥകേളാടെയാണ് അനുമതി നൽകിയതെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു.കോവിഡ് ലോക്ഡൗൺ കാലത്ത് കാന ശുചീകരണത്തിനും ശമ്പളം നൽകാനും ഒക്കെ ഉപയോഗപ്പെടുത്തിയത് ഇരുകമ്പനിയിൽനിന്ന് ഇൗടാക്കിയ പണമാണ്. ആറുമാസം നഗരസഭ പ്രവർത്തനങ്ങൾ മുന്നോട്ടുപോയത് ഇതിലൂടെയാണ്. തെൻറ കൈകൾ ശുദ്ധമാണ്. അഴിമതിയാരോപണത്തിൽ ഏത് അന്വേഷണവും നടത്താം. മേയർ പദവി വിട്ടൊഴിയേണ്ടി വരുമെന്ന ഭയപ്പെടുത്തൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.