കൊച്ചി: മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലോ വെള്ളപ്പൊക്ക ഭീഷണിയിലോ ആയി. പടിഞ്ഞാറ് കടൽ കയറിയും കിഴക്കൻ പ്രദേശങ്ങളിൽ മരങ്ങൾ പിഴുതുവീണും മണ്ണിടിഞ്ഞുമുള്ള അപകടം ബുധനാഴ്ചയും റിപ്പോർട്ട് ചെയ്തു. മഴക്കു പുറമെ നേര്യമംഗലം, ലോവർ പെരിയാർ ഡാമുകൾ തുറന്നത് പെരിയാറിൽ ജലനിരപ്പുയർത്തി. മലങ്കര ഡാം തുറന്നതോടെ മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. വൈപ്പിൻ നായരമ്പലത്താണ് കടലാക്രമണം രൂക്ഷം. കനത്തമഴയിൽ ജില്ലയിലാകെ 15 ഓളം വീടുകൾ തകർന്നു. ഒരു അംഗൻവാടി കെട്ടിടവും ഭാഗികമായി തകർന്നു. എറണാകുളം-ആലുവ റോഡ് വെള്ളക്കെട്ടിലാണ്.
പലയിടത്തും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തുടർച്ചയായി പെയ്ത ശക്തമായ മഴയിലും ആഞ്ഞടിച്ച കാറ്റിലും ചെങ്ങമനാട്, നെടുമ്പാശ്ശേരി, കുന്നുകര, പാറക്കടവ് പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപക നാശമുണ്ട്. ശക്തമായ മഴയിൽ നെടുമ്പാശ്ശേരിയിൽ വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. ആവണംകോട് മണപ്പുറം വീട്ടിൽ കുഞ്ഞൻ, ഭാര്യ സരസു എന്നിവർക്കാണ് പരിക്കേറ്റത്. അങ്കമാലി കരയാംപറമ്പ് - മൂക്കന്നൂർ റോഡിലെ ഭരണിപ്പറമ്പ് പാലം തകർന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി - കൊച്ചുകാണാച്ചേരി റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി. മഴയിൽ മൂവാറ്റുപുഴ നഗരത്തിലെ സത്രം കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു കച്ചേരിത്താഴം കാവുംപടി റോഡിലേക്ക് വീണു. വിജിലൻസ് കോടതി കെട്ടിടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ പൊക്കാട്ടുശ്ശേരി ഞാറശ്ര വീട്ടിൽ രത്നമ്മയുടെ തൊഴുത്ത് മരം വീണ് തകർന്നു. വീടിനും കേടുപാടുപറ്റി. കുന്നുകര വയൽക്കര, ചാലാക്ക പ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് നെൽകൃഷി വെള്ളം കയറി നശിച്ചു. പാറക്കടവ്, ചെങ്ങമനാട് പഞ്ചായത്ത് പ്രദേശങ്ങളിൽ ജാതി, തെങ്ങ് കൃഷികൾക്കും നാശമുണ്ടായി. കരയാംപറമ്പ് -മൂക്കന്നൂർ റോഡിലെ ഭരണിപ്പറമ്പ് പാലം തകർന്നതോടെ കരയാംപറമ്പ്- മൂക്കന്നൂർ റോഡിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഏഴു കിലോമീറ്റർ ചുറ്റിക്കറങ്ങിയാൽ മാത്രമാണ് മൂക്കന്നൂർ പ്രദേശത്തുള്ളവർക്ക് അങ്കമാലി ഭാഗത്തെത്തിച്ചേരാനാവുക. ആലുവ തുരുത്തിൽ തെങ്ങ് വീണ് കുലക്കാറായ ഇരുപതോളം വാഴകൾ നശിച്ചു. കണക്കൻപറമ്പ് മോഹനൻ പിള്ളയുടെയും സുഗതൻ ആയില്യത്തിന്റെയും വാഴ കൃഷിയാണ് നശിച്ചത്.
വൈപ്പിന്‍: കാലങ്ങളായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തില്‍നിന്ന് മോചനം ആവശ്യപ്പെട്ട് വെളിയത്താംപറമ്പ് കടപ്പുറം നിവാസികള്‍ ബുധനാഴ്ച രാവിലെ മുതല്‍ വൈപ്പിനിലെ സംസ്ഥാനപാത ഉപരോധിച്ചു.തീര സംരക്ഷണ സമിതി നേതൃത്വത്തിലായിരുന്നു ഉപരോധം. സമരക്കാരെ പിന്തിരിക്കാനുള്ള പൊലീസ് ശ്രമം അവരെ കൂടുതൽ പ്രകോപിതരാക്കി. രാവിലെ എട്ട് മുതല്‍ ഒന്നര മണിക്കൂറോളം സ്ത്രീകളടക്കമുള്ളവര്‍ സംസ്ഥാനപാതയില്‍ കുത്തിയിരുന്നു.
ഒമ്പതരയോടെ എത്തിയ കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ് സമരക്കാരുമായി സംസാരിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. തഹസില്‍ദാര്‍ കലക്ടറെ ഫോണില്‍ ബന്ധപ്പെട്ട ശേഷം 12ന് സമിതി നേതാക്കളുമായി കലക്ടറേറ്റില്‍ ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പ് നൽകി. തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
തിരക്കേറിയ സമയത്ത് മുന്‍കൂട്ടി അറിയിപ്പില്ലാതെ നടത്തിയ റോഡ് ഉപരോധം ഗതാഗതം സ്തംഭിപ്പിച്ചു. വാടേല്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് ഉപരോധം ഉദ്ഘാടനം ചെയ്തു. സാന്‍ജോപുരം പള്ളി വികാരി ഫാ. ജയിംസ് പനവേലില്‍, ഫാ. ജിലു ജോസഫ്, ഫാ. ഹെന്‍ട്രി, സമിതി കണ്‍വീനര്‍ ബിജു വടക്കേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
സമിതി കലക്ടറുമായി നടത്തിയ ചര്‍ച്ചയിൽ 350 മീറ്ററില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കാൻ തീരുമാനമായി. രണ്ടാഴ്ചക്കുള്ളില്‍ 50 ലക്ഷം രൂപ ചെലവഴിച്ച് നിലവില്‍ ഭിത്തി തകര്‍ന്നയിടങ്ങളില്‍ കല്ലുകള്‍ പുനഃക്രമീകരിച്ച് കടല്‍ഭിത്തി കൂടുതല്‍ സുരക്ഷിതമാക്കും. ചെല്ലാനം മോഡല്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിർമാണത്തിനുള്ള നിർദേശം സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.