ആലുവ: വാഹനങ്ങൾ അനധികൃതമായി നടപ്പാതകളിൽ പാർക്ക് ചെയ്യുന്നത് കാൽനടക്കാർക്ക് ദുരിതമാകുന്നു. മസ്ജിദ് റോഡിലെ അൻസാർ ലെയ്ൻ മുതൽ മുസ്ലിം പള്ളിവരെ ഭാഗത്താണ് നടപ്പാത കാൽനടക്കാർക്ക് അന്യമാകുന്നത്. കടയുടമകളും മറ്റുള്ളവരും ഇവിടെ വാഹനങ്ങൾ രാവിലെ മുതൽ രാത്രിവരെ നിർത്തിയിടുന്നതായാണ് പരാതി. ഇതിനുപുറമെയാണ് കാൽനടക്കാർക്കുള്ള വഴികളിൽ നിർമാണസാമഗ്രികൾ കൊണ്ടിടുന്നതും.
പൊതുറോഡിൽനിന്ന് നേരിട്ട് പ്രവേശനം ലഭിക്കുന്നതും 40ഓളം കുടുംബങ്ങളും ഇരുനൂറോളം താമസക്കാരും അൻസാർ ലെയ്ൻ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഇവർക്കാണ് അനധികൃത പാർക്കിങ് കൂടുതൽ ദുരിതമാകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾ ഇതുവഴി കാൽനടയായി സഞ്ചരിക്കുന്നുണ്ട്. സമീപപ്രദേശത്തെ നൂറുകണക്കിനാളുകൾ ആലുവ മാർക്കറ്റിലേക്കും ബസ് സ്റ്റാൻഡിലേക്കും ജോലി സ്ഥാപനങ്ങളിലേക്കും കാൽനടയായി പോകാനും ഈ വഴി ഉപയോഗിക്കുന്നു. വഴിയിൽ വാഹനങ്ങൾ അടക്കമുള്ള തടസ്സങ്ങൾ മൂലം ഇവർക്കെല്ലാം റോഡിലേക്ക് ഇറങ്ങി നടക്കേണ്ടിവരുന്നുണ്ട്. ഇത് മിക്കപ്പോഴും അപകട സാധ്യതയുണ്ടാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള നടപ്പാതയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്ക് അൻസാർ ലെയ്ൻ റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.