കോലഞ്ചേരി: കോടതി വിധി നടപ്പാക്കാൻ പൊലീസ് എത്തിയതിനെത്തുടർന്ന് മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംഘർഷം. തിക്കിലും തിരക്കിലും ആറ് കുട്ടികളടക്കം ഒമ്പതുപേർക്ക് പരിക്കേറ്റു.
ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതിവിധി നടപ്പാക്കാനാണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ പൊലീസ് എത്തിയത്. വിവരമറിഞ്ഞ് പള്ളി വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് യാക്കോബായ വിശ്വാസികളും സംഘടിച്ചു. പ്രതിഷേധക്കാർ ഗേറ്റ് പൂട്ടി പള്ളിക്കുള്ളിൽ വലയം തീർത്തു. ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ട് പൊളിക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
പ്രതിഷേധത്തിന്റെ മുൻനിരയിൽ ഗേറ്റിനോട് ചേർന്ന് കുട്ടികളും പിന്നാലെ സ്ത്രീകളും പുരുഷന്മാരുമാണ് നിലയുറപ്പിച്ചത്. പൊലീസ് പൂട്ട് പൊളിക്കാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർ മുൻനിരയിലേക്കെത്തിയപ്പോഴുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കുട്ടികളടക്കമുള്ളവർക്ക് പരിക്കേറ്റത്. ഇവരിൽ പൊലീസ് ഉദ്യോഗസ്ഥയുമുണ്ട്. ഇതോടെ പൂട്ട് പൊളിക്കാനുള്ള നീക്കത്തിൽനിന്ന് പൊലീസ് പിന്മാറി.
പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം റൂറൽ എ.എസ്.പിയുടെ നേതൃത്വത്തിൽ പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെയും വിവിധ സ്റ്റേഷനുകളിൽനിന്നെത്തിയ പത്തോളം സർക്കിൾ ഇൻസ്പെക്ടർമാരുടെയും കീഴിൽ നൂറുകണക്കിന് പൊലീസുകാരാണ് പള്ളിയിൽ ക്യാമ്പ് ചെയ്തത്.
ഇതോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ഓർത്തഡോക്സ് വിഭാഗത്തിനനൂകൂലമായ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് പള്ളിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ഹൈകോടതി പൊലീസിന് നിർദേശം നൽകിയത്.
നേരത്തേ രണ്ടുവട്ടം പൊലീസെത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെതുടർന്ന് പിൻവാങ്ങിയിരുന്നു. വിധി നടത്തിപ്പിന് ഹൈകോടതി അനുവദിച്ച സാവകാശം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും പൊലീസെത്തിയത്.
ഇതേസമയം ഭൂരിപക്ഷം വരുന്ന വിശ്വാസികളെ പുറത്താക്കാനുള്ള നീക്കം ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. എന്നാൽ, കോടതി വിധി നടപ്പാക്കുന്നതിൽ പൊലീസും സർക്കാറും നടത്തുന്ന നാടകത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഓർത്തഡോക്സ് പക്ഷത്തിന്റെ നിലപാട്.
കൊച്ചി: നീതി നിഷേധത്തിനെതിരെ സമരരംഗത്തിറങ്ങാൻ പുതിയ കൂട്ടായ്മയുമായി യാക്കോബായ വിശ്വാസികൾ. ഇതിന്റെ ഭാഗമായി എറണാകുളം ആസ്ഥാനമായി മലങ്കര ജാക്കോബൈറ്റ് സിറിയൻ ക്രിസ്ത്യൻ അസോസിയേഷൻ എന്ന സംഘടന രൂപവത്കരിച്ചെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോടതിവിധിയുടെ പേരിൽ പള്ളികൾ പിടിച്ചെടുക്കുന്നത് അംഗീകരിക്കാനാകില്ല. സംഘടനക്ക് പിന്തുണ തേടി സഭ സുന്നഹദോസിന് കത്ത് നൽകും.
ചെയർമാൻ ബ്രിഗേഡിയർ ജോ കുര്യൻ, ഭാരവാഹികളായ കെ.പി. ജോയി, രാജു വഞ്ചിപ്പാലം, മാത്യു പീറ്റർ, വർഗീസ് പി. ചെറിയാൻ, രാജൻ വർഗീസ്, റോയി വി. ജേക്കബ്, സന്തോഷ് മത്തായി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.