ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ളയാണ് ശബ്ദതാരാവലിയുടെ രചയിതാവ്. മലയാളത്തിലെ ആധികാരിക നിഘണ്ടുവായി കണക്കാക്കപ്പെടുന്ന ഇതിൽ മലയാളത്തിലെ വാക്കുകളുടെ അർഥം ഒട്ടുമിക്കവയുമുണ്ട്. കാലംകടന്നുപോകുന്തോറും പുതിയ പുതിയ വാക്കുകൾ ഭാഷയിൽ വന്നുചേരും. പുതിയ വാക്കുകൾ സ്വീകരിച്ചാണ് ഭാഷ വികസിക്കുന്നത്. അയ്യോ, ചട്നി, മസാല തുടങ്ങിയ വാക്കുകൾ ഇങ്ങനെയാണ് ഇംഗ്ലീഷിലെ ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ എത്തിയത്.
മലയാള ഭാഷയുടെ പരിപോഷണത്തിന് കേരളത്തിലെ രാഷ്ട്രീയക്കാർ നിസ്തുല സംഭാവനയാണ് നൽകുന്നത്. മലയാളത്തിന് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ചതിന് ഇത്തരം സംഭാവനകൾ കാരണമായിട്ടുണ്ടാകും. തെരഞ്ഞെടുപ്പുകാലത്താണ് മലയാളത്തിന് പദസമ്പത്തും ശൈലികളും കൂടുതലായി ലഭിക്കുന്നത്. പരനാറി, കുലംകുത്തി തുടങ്ങിയവ ഇത്തരത്തിൽ വിജയകരമായി ഭാഷക്ക് മുതൽക്കൂട്ടായ വാക്കുകളാണ്. 'പരനാരി' എന്നൊരു വാക്ക് ശബ്ദതാരാവലിയിൽ കാണുന്നുണ്ട്. കാലാന്തരത്തിൽ രാഷ്ട്രീയ സാഹചര്യത്തിൽ രൂപംകൊണ്ടതാണ് 'പരനാറി' എന്നാണ് കരുതപ്പെടുന്നത്.
വടക്കൻ കേരളത്തിലെ പ്രമുഖ േനതാവിന്റെ സംഭാവനയാണ് 'ശുംഭൻ' എന്നത്. കേസും കൂട്ടവുമായതോടെ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി പരതിയാണ് 'ശുംഭൻ' എന്നാൽ 'പ്രകാശം പരത്തുന്നവൻ' എന്ന അർഥമുണ്ടെന്ന് കണ്ടെത്തിയത്. മൂഢൻ, ഭോഷൻ എന്നൊക്കെ അർഥം ഉണ്ടായിരുന്നെങ്കിലും നേതാവ് പോസിറ്റിവായാണ് കാര്യങ്ങളെ കണ്ടതത്രെ.
എന്നാൽ, കേരളത്തിൽ ഒരു അധിക്ഷേപ താരാവലിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് അടുത്തിടെ കണ്ടെത്തി. അതിന്റെ ഉപജ്ഞാതാവ് ഉസ്മാനല്ല, മുഖ്യനാണെന്നും അദ്ദേഹം ഗവേഷണത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ സ്വന്തംനേതാവിന്റെ പദാവലി ഇദ്ദേഹം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
അധിക്ഷേപമാണ് ആ നേതാവിന്റെ മെയിൻ. 'തുടലുപൊട്ടിയ നായെപോലെ' എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരെ അദ്ദേഹത്തിന്റെ പ്രയോഗം. അത് മലബാറിലെ ഒരു ശൈലിയാണത്രേ. എന്നാൽ, മലബാറിലായാലും തിരുവനന്തപുരത്തായാലും പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ലെന്നും അതേ നാട്ടുകാരനായ മുഖ്യമന്ത്രിയും പ്രതികരിച്ചതോടെ ഇതൊരു വലിയ ഭാഷപ്രശ്നമായി മാറിയിട്ടുണ്ട്. ഇത് ശൈലിയാണോ പഴഞ്ചൊല്ലാണോ ഉപമയാണോ അതല്ല ഉൽപ്രേക്ഷയാണോ എന്നതിൽ ഭാഷപണ്ഡിതർ വേഗത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാം. സംഭവം ആകെ കുളമായതോടെ മലബാറിലെ കൊളോക്ക്യൽ പ്രയോഗം അദ്ദേഹം പിൻവലിച്ചിട്ടുണ്ട്. പക്ഷേ, പ്രസിഡന്റദ്ദേഹത്തിന്റെ സ്വഭാവം പട്ടിയുടെ വാൽ കുഴലിൽ ഇടുന്നപോലെയാണെന്ന് മലബാറിൽനിന്നുള്ള ഒരു ഭാഷാപടു കണ്ടെത്തിയിട്ടുണ്ട്'.
'രാഷ്ട്രീയ ഹരാകിരി' പ്രയോഗം സംഭാവന ചെയ്തത് ദിനംപ്രതി കൊഴിഞ്ഞുകൊണ്ടിരിക്കുന്ന പാർട്ടിയുടെ വടക്കൻ കേരളത്തിലെ നേതാവണ്. 'വിവരാവകാശ ഗുണ്ട' പ്രയോഗം മധ്യകേരളത്തിന്റെ സംഭാവനയാണ്. ഭാഷയുടെ അപചയം ലോകത്ത് പല സംസ്കാരങ്ങളെ ഇല്ലാതാക്കിയതായി ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. കേരളീയ സാഹചര്യത്തിൽ സംസ്കാരത്തിന്റെ അപചയമാണോ, രാഷ്ട്രീയത്തിന്റെ അപചയമാണോ ഇത്തരം പുത്തൻ വാക്കുകളുടെ ഉത്ഭവത്തിനുപിന്നിലെന്ന് ഭാഷ ശാസ്ത്രഞ്ജർ ഗവേഷണം നടത്തുന്നത് നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.