തൃപ്പൂണിത്തുറ: ഓണത്തിനെ വരവേല്‍ക്കുന്ന ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്ര ആഗസ്റ്റ് 20ന് വര്‍ണാഭമായ ചടങ്ങുകളോടെ ആരംഭിക്കും. ഇത്തവണ ഞായറാഴ്ചയായതിനാല്‍ വന്‍ ജനാവലി രാജനഗരിയില്‍ എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. ഇത് മുന്‍ നിർത്തി ഏറ്റവും മികവുറ്റതാക്കാന്‍ അത്താഘോഷ കമ്മിറ്റി എല്ലാ തയാറെടുപ്പുകളും നടത്തിയെന്ന് നഗരസഭ അധ്യക്ഷ രമ സന്തോഷ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. അത്താഘോഷം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
നടൻ മമ്മൂട്ടി മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത് അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കെ. ബാബു എം.എല്‍.എ അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് അത്തപതാക ഉയര്‍ത്തും. അത്തം കൗണ്ട്ഡൗണ്‍ ബോര്‍ഡ് സ്ഥാപിച്ച് തിങ്കളാഴ്ച മുതല്‍ കൗണ്ട്ഡൗണ്‍ തുടങ്ങും. കലാമത്സരങ്ങള്‍ ലായം കൂത്തമ്പലത്തില്‍ ആരംഭിച്ചു. 15ാം തീയതിവരെ ഉണ്ടായിരിക്കും. ചിത്രരചന മത്സരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ മൂന്നാം തീയതി മുതല്‍ പ്രദര്‍ശിപ്പിക്കും. അത്തം നഗരിയില്‍ എത്തുന്നവര്‍ക്ക് സെല്‍ഫി എടുക്കാന്‍ 19ന് വൈകീട്ട് സൗകര്യം ഒരുക്കും.
ഇതില്‍ സിനിമ താരങ്ങളും എത്തിച്ചേരും. ഫോട്ടോഗ്രഫി, അത്തക്കാഴ്ച എന്നീ മത്സരങ്ങള്‍ അത്തംദിനത്തില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രത്യേകം സമ്മാനങ്ങളും നല്‍കും. സിയോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൂക്കളമത്സരത്തില് ഇത്തവണ ആദ്യമായി വയോജനങ്ങളുടെ ആറ് ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണയും അത്താഘോഷ പരിപാടികള്‍ നടത്തുന്നത്. അത്തം മുതല്‍ പത്ത് ദിവസം വരെ നീളുന്ന വിവിധ കലാപരിപാടികള്‍ ലായം കൂത്തമ്പലത്തില്‍ അരങ്ങേറും.
നടൻമാരായ കുഞ്ചാക്കോ ബോബനും ദുല്‍ഖര്‍ സല്‍മാനും അത്തം നഗറില്‍ എത്തിച്ചേരുമെന്നും ആഗസ്റ്റ് 30ന് അത്താഘോഷത്തിന്റെ സുവനീര്‍ പ്രകാശനവും നടത്തുമെന്നും അത്താഘോഷ കമ്മിറ്റി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍പേഴ്സണ്‍ രമ സന്തോഷിനൊപ്പം വൈസ് ചെയര്മാന് കെ.കെ. പ്രദീപ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ.വി. സാജു, സബ് കമ്മിറ്റി അംഗങ്ങളും കൗണ്‍സില്‍ അംഗങ്ങളുമായ യു.കെ. പീതാംബരന്, രാജലക്ഷമി, സുധ സുരേഷ്, ജയകുമാര്‍, മധുസൂദനന്, കെ.ടി. അഖില്‍ദാസ്, ശ്രീലത, ജിഷ ഷാജികുമാര്‍, സി.എ. ബെന്നി, പി.കെ. പീതാംബരന്, ദീപ്തി സുമേഷ്, നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.