തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ബസ് ടെർമിനൽ യാഥാർഥ്യമാക്കുന്നതിൽ എതിർപ്പ് അറിയിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭായോഗം അലങ്കോലമാക്കി. മെട്രോ റെയിൽ തൃപ്പൂണിത്തുറയിൽ യാഥാർഥ്യമായതോടെ ബസ് ടെർമിനലിന് അനന്ത സാധ്യതയാണുള്ളത്. മെട്രോ സ്റ്റേഷനും റെയിൽവേ സ്റ്റേഷനും ബസ് ടെർമിനലും ഒന്നിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ അഞ്ചര ഏക്കർ ഭൂമി ഏറ്റെടുത്ത് ബസ് ടെർമിനൽ പണിയുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ജി.സി.ഡി.എ ഈ വർഷത്തെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതോടെ അധിക വിഭവസമാഹരണവും സാധ്യമാകും. നഗരസഭയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കാനും മറ്റുമായി 30 കോടി രൂപ വായ്പ എടുക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കാൻ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമ്പോഴാണ് വാർഡ് കൗൺസിലറായ ബി.ജെ.പി. അംഗം യു. മധുസൂദനനും മറ്റു ബി.ജെ.പി അംഗങ്ങളും ഈ പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ച് കൗൺസിൽ യോഗം അലങ്കോലമാക്കിയത്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ യു.കെ. പീതാംബരൻ എന്നിവർ പറഞ്ഞു.
തൃപ്പൂണിത്തുറ: നഗരസഭ ബസ് ടെർമിനൽ നിർമാണത്തിന് ആവശ്യമായ 30 കോടി രൂപ വായ്പ എടുക്കാൻ കെ.യു.ഡി.എഫ്.സിയെ സമീപിക്കാൻ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ വന്ന അജണ്ടയിൽ യു.ഡി.എഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.
ഫിനാൻസ് കമ്മിറ്റി യോഗത്തിൽ വായ്പ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും ബസ് ടെർമിനലിന് ഡി.പി.ആർ തയാറാക്കിയിട്ടില്ലെന്നും പദ്ധതിക്ക് വിശദ പ്ലാനും എസ്റ്റിമേറ്റും ലഭിച്ചിട്ടില്ലന്നും സർക്കാർ അംഗീകാരത്തിന് നാളിതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ ചർച്ചയിൽ ഉന്നയിച്ചു. അജണ്ട മാറ്റിവെച്ച്, പദ്ധതിക്ക് ആവശ്യമായ രേഖകൾ മുഴുവൻ തയാറാക്കിയ ശേഷം പിന്തുണക്കാമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.വി. സാജു, ഡി. അർജുനൻ, പി.ബി. സതീശൻ, റോയ് തിരുവാങ്കുളം എന്നിവർ കൗൺസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.