തൃപ്പൂണിത്തുറ: അഞ്ച് പഞ്ചായത്തുകളിലെയും കൊച്ചി കോര്‍പറേഷനിലെ നാല് ഡിവിഷനുകളിലെയും ജനങ്ങളുടെ ആശ്രയമാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി. രാജനഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ വികസനം നഗരസഭയുടെ തന്നെ സ്വപ്ന പദ്ധതികളിലൊന്നാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന നൂറുകണക്കിന് രോഗികളാണ് ഡോക്ടര്‍മാരുടെ കുറവ്മൂലം ദുരിതമനുഭവിക്കുന്നത്. ചീട്ടെടുക്കാനുള്ള ക്യൂവില്‍ അരമണിക്കൂറെങ്കിലും നിൽക്കണം. ഡോക്ടറെ കാണാനും മണിക്കൂറുകള്‍ കാത്തുനിൽക്കണം.
ഡോക്ടര്‍മാര്‍ അവധി എടുക്കുമ്പോൾ പകരം ഡോക്ടര്‍മാരെ നിയോഗിക്കാത്തതും പ്രതിസന്ധിയാണ്. ജനറല്‍ ഒ.പി. വിഭാഗത്തില്‍ ഒരു ഡോക്ടറെ മാത്രമേ നിയമിച്ചിട്ടുള്ളൂ. അതിനാൽ, ഡോക്ടർമാർ കൂടുതല്‍ സമയം ജോലി ചെയ്യേണ്ട സാഹചര്യമാണ്. പൊട്ടലും മറ്റുമായി വരുന്ന രോഗികളെ ഡോക്ടറില്ലെന്ന കാരണത്താല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. ആശുപത്രി പരിസരത്ത് തെരുവ് നായ് ശല്യവും രൂക്ഷമാണ്. ആശുപത്രി സന്ദർശിച്ച മന്ത്രി വീണാ ജോര്‍ജ് പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. എക്സൈസ് വകുപ്പിന്റെ വിമുക്തി കാമ്പയിന് കീഴില്‍ ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ഡീ അഡിക്ഷന് സെന്റര്‍ ആരംഭിച്ചെങ്കിലും പ്രവര്‍ത്തിച്ചത് രണ്ടുമാസം മാത്രം. അപ്പോഴേക്കും നിലവിലുണ്ടായിരുന്ന ഡോക്ടറെ സ്ഥലം മാറ്റി. പകരം നിയമിച്ചിട്ടില്ല. (തുടരും)
നബാര്‍ഡില്‍ നിന്ന് 8.50 കോടിയും സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്ന് 1.50 കോടിയും ചേര്‍ത്ത് പത്തുകോടിയുടെ കെട്ടിടമാണ് പുതുതായി നിര്‍മിക്കുന്നത്. വൈദ്യുതി ജോലികള്‍ക്കായി 20 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ഒന്നാം നില നിര്‍മിക്കുന്നതിന് ആസ്തി വികസനഫണ്ടില്‍ നിന്ന് 3.05 കോടി അനുവദിക്കുമെന്ന് കെ.ബാബു എം.എല്‍.എ. പറഞ്ഞു. റിസപ്ഷന്, റെക്കോര്‍ഡ് റൂം, ഫാര്‍മസി, എക്സ്റേ, അള്‍ട്രാസൗണ്ട് സ്കാനിങ്, ഓര്‍ത്തോപീഡിക്, ജനറല്‍ ഫിസിഷ്യന്‍ റൂം, ലിഫ്റ്റ്, ഭിന്നശേഷിക്കാര്‍ക്കുള്ള ശുചിമുറി എന്നിവയാണ് കെട്ടിടത്തിലുണ്ടാവുക.
നിരവധി മാറ്റങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ഒരു ഡോക്ടറെയും ഫാര്മസിസ്റ്റിനെയും കൂടി നിയമിച്ചു. പനി, ചുമ പോലുള്ള രോഗങ്ങള്‍ക്കായി മാത്രം ഡോക്ടറെ ചുമതലപ്പെടുത്തി തിരക്ക് പരിഹരിക്കും. സെപ്ടിക് ടാങ്കിന്റെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ണിന്റെ ഓപറേഷന് തീയേറ്റര്‍ പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഡീ അഡിക്ഷന് സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാൻ നടപടി പുരോഗമിക്കുകയാണ്. -ഡോ. സുമ (മെഡിക്കല്‍ സൂപ്രണ്ട്)
ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാൻ മന്ത്രിക്കും ഡി.എം.ഒക്കും നിവേദനം നൽകിയിട്ടുണ്ട്. രോഗികളുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ നഗരസഭ നേരിട്ട് അത്യാഹിത വിഭാഗത്തിലേക്ക് ഡോക്ടറെ നിയമിച്ചിട്ടുണ്ട്. സെപ്ടിക് ടാങ്കുമായി ബന്ധപ്പെട്ട പരാതി നഗരസഭക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ വേഗം നടപടിയെടുക്കും. -രമ സന്തോഷ് (തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.