തൃപ്പൂണിത്തുറ: മുക്കുപണ്ടം പണയം െവച്ച് പണം തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാത്തലിക് സിറിയന്‍ ബാങ്ക് തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ സ്വര്‍ണം പൂശിയ വളകള്‍ പണയം വെച്ച് 8.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം പുത്തന്‍വേലിക്കര പടയാട്ടി വീട്ടില്‍ ജോബി ജോസഫ് (46), കൊടുങ്ങല്ലൂര്‍ എറിയാട് പൊയ്യാറാ വീട്ടില്‍ റെജിന്‍ ലാല്‍ (33), തൃശൂര്‍ ചേരൂര്‍ നടുക്കടി വീട്ടില്‍ മണികണ്ഠന്‍ (53) എന്നിവരാണ് അറസ്റ്റിലായത്.
റിജിന്‍ ലാലിന്‍റെ പരിചയക്കാരനും സ്വര്‍ണ്ണപ്പണിക്കാരനുമായ മൂന്നാം പ്രതി മണികണ്ഠനെക്കൊണ്ടാണ് ജോബി ജോസഫ് സ്വര്‍ണ്ണം പൂശിയ വളകള്‍ നിർമിച്ചത്. ഉരച്ചുനോക്കിയാല്‍ മനസ്സിലാകാത്ത വിധം ഓരോ വളകളും ഏഴ് ഗ്രാം ചെമ്പും മൂന്ന് ഗ്രാം സ്വർണവും ചേര്‍ത്താണ് മണികണ്ഠന്‍ നിര്‍മിച്ചുകൊടുത്തത്.
പണയമിടപാടില്‍ ലഭിച്ച തുകയില്‍നിന്നും സ്വര്‍ണ്ണപ്പണിക്കാരന് ഓരോ വളക്കും 16,000 രൂപ വീതം നല്‍കി. ബാക്കി തുക ഒന്നും രണ്ടും പ്രതികള്‍ വീതിച്ചെടുക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം ബാങ്കില്‍ പണയം വെച്ച വളകള്‍ 6 മാസത്തിനുശേഷം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ജൂലൈ ആദ്യം ബാങ്ക് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് മുക്ക് പണ്ടമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ബാങ്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഹില്‍പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി. അനീഷ്, എസ്.ഐമാരായ അനില, രമേശന്‍, എ.എസ്.ഐമാരായ ജയരാജ്, സജീഷ്, സീനിയര്‍ സി.പി.ഒ ശ്രീനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.