തൃപ്പൂണിത്തുറ: പൊടിശല്യം മൂല്യം ദുരിതത്തിലായി തൃപ്പൂണിത്തുറയിലെ വ്യാപാരികളും യാത്രക്കാരും. കൊച്ചി മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി എസ്.എന്‍ ജങ്ഷന് മുതല്‍ പേട്ട വരെയുള്ള പ്രദേശങ്ങളിലാണ് പൊടിശല്യം രൂക്ഷമായിരിക്കുന്നത്.
2019 ല്‍ മെട്രോ നിര്‍മാണം തുടങ്ങിയ കാലം മുതല്‍ പൊടിശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ അധികാരികളെ സമീപിച്ചിരുന്നു. എന്നിട്ടും ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
വേനല്‍ കടുത്തതോടെ എസ്.എന്‍ ജങ്ഷന് മുതല്‍ പേട്ടവരെ മൂക്കും വായും പൊത്തിപ്പിടിച്ച് നടക്കേണ്ട അവസ്ഥയാണ്. ഈ പ്രദേശങ്ങളില്‍ ഇത്രയും അധികം പൊടി ഉണ്ടാകാന്‍ പ്രധാന കാരണം രാത്രികാലങ്ങളില്‍ മെട്രോ സ്റ്റേഷന് നിര്‍മാണത്തില്‍ ബാക്കി വരുന്ന കോണ്‍ക്രീറ്റ് മിശ്രിതം റോഡരികില്‍ നിരത്തുന്നതാണ്.
തൃപ്പൂണിത്തുറയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ജങ്ഷനാണ് എസ്.എന്‍ ജങ്ഷന്-പേട്ട റോഡ്. ഓരോ വാഹനങ്ങള്‍ കടന്നുപോകുമ്പോഴും വഴിയില്‍ നിരത്തിയിരിക്കുന്ന സിമന്റ് മിശ്രിതത്തിലെ പൊടി ഉയരുന്ന സാഹചര്യമാണുള്ളത്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ശ്വാസംമുട്ടലും കണ്ണുകള്‍ക്ക് ചൊറിച്ചില്‍ വരെ അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറയുന്നു.
നിലവില്‍ രാവിലെ മാത്രം ടാങ്കറില്‍ വെള്ളം കൊണ്ടുവന്ന് റോഡ് നനക്കുന്നുണ്ടെങ്കിലും വേനല്‍ കടുത്തതോടെ വേഗം ഉണങ്ങും.
ദിവസം നാലുനേരം റോഡ് നനക്കാനുള്ള തീരുമാനം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പൊടിശല്യത്തിന് പരിഹാരം ഉണ്ടാകാത്തപക്ഷം മെട്രോ എം.ഡിക്കും കലക്ടര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് വ്യാപാരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.