ചെങ്ങമനാട്: ദേശീയപാത ദേശം കുന്നുംപുറം കവലയില്‍ റോഡ് കുറുകെ കടക്കാന്‍ യാത്രക്കാർ വലയുന്നു. തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ വയോധികരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന യാത്രക്കാർ പെടാപ്പാട് പെടുകയാണ്.
നിരവധി ഓഫിസുകളും സ്ഥാപനങ്ങളുമുള്ള ഇവിടെ നൂറുകണക്കിനാളുകളാണ് നിത്യേനയെന്നോണം റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ നിരന്തരമെന്നോണമാണ് ചെറുതും വലുതുമായ അപകടങ്ങളുണ്ടാകുന്നത്.
റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനമിടിച്ച് പരിക്കേറ്റ സര്‍ക്കാര്‍ ജീവനക്കാരിയുടെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡ് മുറിച്ചുകടക്കുമ്പോൾ യാത്രക്കാരനും ബൈക്കിടിച്ച് സാരമായ പരിക്കേൽക്കുകയുണ്ടായി. വില്ലേജ് ഓഫിസ്, കൃഷിഭവൻ, സബ് രജിസ്ട്രാർ ഓഫിസ്, ആധാരമെഴുത്ത് ഓഫിസുകൾ, ആശുപത്രി, മൂന്ന് ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് നിരവധിയാളുകളാണെത്തുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ദേശീയപാത മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുകയാണ്.പ്രായമായവര്‍ക്ക് ആള്‍സഹായമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ കഴിയാത്ത അവസ്ഥയുമാണ്.
ചെങ്ങമനാട് ഭാഗത്തുനിന്ന് പനയക്കടവ് പാലം വഴി ആലുവക്ക് പോകാനുള്ളവരും ദേശം കുന്നുംപുറം യൂടേണിലെത്തിയാണ് തിരിഞ്ഞുപോകുന്നത്. ആലുവക്കുള്ള ബസ് സ്റ്റോപ് യൂടേണിന് ചേർന്ന് സ്ഥിതിചെയ്യുന്നതും അപകടസാധ്യത വർധിക്കുകയാണ്. മീഡിയന് വീതി കുറവായതിനാൽ വാഹനങ്ങൾ യൂടേൺ തിരിയുമ്പോഴും അപകടങ്ങളുണ്ടാകുന്നുണ്ട്. രാവിലെ 7.30 മുതൽ മുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ ആറുവരെയുമാണ് വിദ്യാർഥികൾ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കൂടുതലായും റോഡ് മുറിച്ചുകടക്കാൻ ക്ലേശിക്കുന്നത്. അതിനാൽ ഈ സമയത്ത് ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനെ ഏർപ്പെടുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലത്രേ.
അടിപ്പാലം നിർമിക്കുക മാത്രമാണ് ഇവിടത്തെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. 16ാം വാർഡ്തല സമിതി ഇക്കാര്യം പലതവണ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല.അതിനാൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.