മട്ടാഞ്ചേരി: ഒരുകാലത്ത് യു.ഡി.എഫിെൻറ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന കൊച്ചി മണ്ഡലത്തിൽ ഇക്കുറി യു.ഡി.എഫിന് കാലിടറിയതിന് പ്രധാന കാരണങ്ങളിലൊന്ന് ട്വൻറി20യുടെ വരവ്. 19,676 വോട്ടാണ് ട്വൻറി 20യുടെ ഷൈനി ആൻറണി പിടിച്ചത്. ചെല്ലാനത്തെ രണ്ടാം റൗണ്ടിൽ ട്വൻറി20 സ്ഥാനാർഥി ലീഡ് നേടിയപ്പോൾ കോൺഗ്രസ് പിന്നിലേക്ക് പോയി.
പോസ്റ്റൽ ബാലറ്റിൽ ഒരു തവണ ലീഡ് ചെയ്തതൊഴിച്ചാൽ മറ്റൊരു സമയത്തും മാക്സിയെ മറികടക്കാൻ യു.ഡി.എഫ് സ്ഥാനാർഥി ടോണി ചമ്മണിക്കായില്ല. 15 റൗണ്ട് വോട്ടെണ്ണലിൽ ഒന്നാം റൗണ്ടിൽ തന്നെ മാക്സി 1442 വോട്ടിെൻറ ലീഡ് നേടി. കോൺഗ്രസിെൻറ ഉറച്ച കോട്ടകളായ ബൂത്തുകളിൽ പോലും യു.ഡി.എഫിന് ലീഡ് ചെയ്യാൻ കഴിഞ്ഞില്ല. മുസ്ലിം മേഖലകളിലെല്ലാം മാക്സി വ്യക്തമായ മേൽകൈ നേടി. മൂന്നാം ഡിവിഷനിൽ 1384 വോട്ടിെൻറയും അഞ്ചാം ഡിവിഷനിൽ 1380 വോട്ടിെൻറയും ലീഡ് നേടി. രണ്ട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ മാക്സിക്കെതിരെ പ്രചാരണം നടത്തിയിട്ടും ഇവരുടെ സ്വാധീന മേഖലയിൽ പോലും മാക്സി വലിയ രീതിയിൽ മുന്നോട്ട് പോയി.
15ാം റൗണ്ടിൽ 155 വോട്ടിെൻറ ലീഡ് ടോണി ചമ്മിണിക്ക് ലഭിച്ചെങ്കിലും മാക്സിയുടെ ഭൂരിപക്ഷം ബഹൂദൂരം മുന്നോട്ട് പോയിരുന്നു. ചെല്ലാനം പഞ്ചായത്തിലാണ് ട്വൻറ20 അവരുടെ സാന്നിധ്യം ശക്തമായി പ്രകടിപ്പിച്ചത്. പഞ്ചായത്തിൽ പോൾ ചെയ്ത വോട്ടിൽ ഒന്നാം സ്ഥാനത്ത് ട്വന്റി 20 വന്നപ്പോൾ രണ്ടാം സ്ഥാനത്ത് എൽ.ഡി.എഫുമെത്തി.
ഇവിടെ കോൺഗ്രസ് തകർന്നടിഞ്ഞതായിരുന്നു കാഴ്ച. എന്നും കോൺഗ്രസിന് 3000നും 5000നുമിടയിൽ ഭൂരിപക്ഷം നൽകുന്ന കുമ്പളങ്ങി പഞ്ചായത്തിൽ കേവലം 155 വോട്ടിെൻറ ലീഡ് മാത്രമാണ് ടോണി ചമ്മണിക്ക് ലഭിച്ചത്. കൊച്ചിക്കാരനായ കെ.ജെ. മാക്സിക്കെതിരെ പുറത്തുനിന്ന് സ്ഥാനാർഥിയെ ഇറക്കിയതിനെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം ഉയർന്നിരുന്നു. കെ.എസ്.യു കൂട്ടായ്മ അടക്കമുള്ള ചില സംഘടനകൾ മണ്ഡലത്തിലുള്ളവരെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ഉയർത്തി തെരഞ്ഞെടുപ്പിന് മുമ്പ് രംഗത്തെത്തിയിരുന്നു.
1957 മുതലുള്ള 64 വർഷ കാലയളവിൽ മട്ടാഞ്ചേരി, പള്ളുരുത്തി, കൊച്ചി മണ്ഡലങ്ങളിൽ നിന്ന് ജയിച്ച 17 എം.എൽ.എമാരിൽ 13 പേരും കൊച്ചി നിവാസികളായിരുന്നില്ലെന്നും അത് കൊച്ചിയുടെ വികസന മുരടിപ്പിന് കാരണമായെന്നും ചില യുവാക്കളുടെ കൂട്ടായ്മകൾ ആരോപിക്കുന്നു. കൊച്ചിക്കാരിയായ ട്വൻറി-20 സ്ഥാനാർഥി ഷൈനി ആൻറണി 19,676 വോട്ടുകൾ നേടിയപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വി- ഫോർ പാർട്ടി 2148 ൽ ഒതുങ്ങിയതിന് കാരണം ഇതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
കൊച്ചി: അത്ഭുതങ്ങളൊന്നും കാഴ്ചവെക്കാനാകാതെ എൻ.ഡി.എക്ക് ജില്ലയിൽ കനത്ത പരാജയം. പാർട്ടി ആകെ പ്രതീക്ഷ പുലർത്തിയിരുന്ന തൃപ്പൂണിത്തുറയിലടക്കം നേരിട്ടത് കനത്ത തിരിച്ചടി. ട്വൻറി 20യിലേക്ക് വ്യാപകമായി വോട്ട് ചോർന്നെന്നാണ് നിഗമനം. മാത്രമല്ല, വോട്ടർമാർ എൽ.ഡി.എഫിനും യു.ഡി.എഫിനും പിന്തുണ നൽകിയിട്ടുമുണ്ട്. ട്വൻറി20 മത്സരിച്ച കോതമംഗലം, കൊച്ചി, കുന്നത്തുനാട്, പെരുമ്പാവൂർ, മൂവാറ്റുപുഴ, വൈപ്പിൻ എന്നിവിടങ്ങളിൽ നാലാം സ്ഥാനത്താണ് എൻ.ഡി.എ. എറണാകുളത്ത് മാത്രമാണ് കഴിഞ്ഞ തവണത്തേതിെനക്കാൾ വോട്ട് വർധിപ്പിച്ച് നില മെച്ചപ്പെടുത്തിയത്. വൈപ്പിനിൽ നാലാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ തവണത്തേതിനെക്കാൾ വോട്ട് വർധിച്ചിട്ടുണ്ട്.
കഴിഞ്ഞതവണ തൃപ്പൂണിത്തുറയിൽ തുറവൂർ വിശ്വംഭരൻ 29,843 വോട്ട് നേടിയിരുന്നു, എന്നാൽ, ശബരിമല വിഷയം മുൻനിർത്തി ശക്തമായ പ്രചാരണം നടത്തിയിട്ടും ഇത്തവണ മത്സരിച്ച കെ.എസ്. രാധാകൃഷ്ണന് ആകെ ലഭിച്ചത് 23,756 വോട്ടാണ്. കളമശ്ശേരി മണ്ഡലത്തിലും വൻ വോട്ടുചോർച്ചയുണ്ടായി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിലെ ഗോപകുമാറിന് ലഭിച്ച വോട്ടിെൻറ പകുതിയിൽ താഴെയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. 24,244 വോട്ടാണ് ഗോപകുമാറിന് അന്ന് ലഭിച്ചത്. എന്നാൽ, ഇക്കുറി മത്സരിച്ച ബി.ഡി.ജെ.എസിലെ ജയരാജിന് ലഭിച്ചത് 11,179 വോട്ടാണ്.
പെരുമ്പാവൂരിൽ കഴിഞ്ഞ തവണ ഇ.എസ്. ബിജു 19,731 വോട്ട് പിടിച്ചിരുന്നു, ഇത്തവണ ടി.പി. സിന്ധുമോൾ മത്സരിച്ചപ്പോൾ അത് 15,135 ആയി ചുരുങ്ങി. ലതിക ഗംഗാധരന് 19,349 വോട്ടുണ്ടായിരുന്ന ആലുവയിൽ ഇത്തവണ എം.എൻ. ഗോപിക്ക് കിട്ടിയത് 15,893 വോട്ടാണ്.
നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കൊച്ചിയിൽ എൻ.ഡി.എ സ്ഥാനാർഥി സി.ജി. രാജഗോപാലിന് 10,991 വോട്ടാണ് ലഭിച്ചത്. 2016ൽ മത്സരിച്ച പ്രവീൺ ദാമോദരപ്രഭുവിന് 15,212 വോട്ട് ലഭിച്ചിരുന്നു. 16,459 വോട്ടുണ്ടായിരുന്ന കുന്നത്തുനാട് മണ്ഡലത്തിൽ ഇത്തവണ രേണു സുരേഷിന് കിട്ടിയത് 7218 വോട്ടുമാത്രം. 9014 വോട്ടുണ്ടായിരുന്ന അങ്കമാലിയിൽ കെ.വി. സാബുവിന് 8677 വോട്ട് പിടിക്കാനേ കഴിഞ്ഞുള്ളൂ. 2016ലെ അതേ സ്ഥാനാർഥി എസ്. സജി മത്സരിച്ച തൃക്കാക്കരയിൽ വോട്ട് 21,247ൽനിന്ന് 15,483 ആയി ചുരുങ്ങി. 17,503 വോട്ടുണ്ടായിരുന്ന പിറവത്ത് ആശിഷിന് 11,021 വോട്ടാണ് കിട്ടിയത്. മൂവാറ്റുപുഴയിൽ എൻ.ഡി.എ സ്ഥാനാർഥി ജിജി ജോസഫിന് 7527 വോട്ട് മാത്രമാണ് കിട്ടിയത്. 2016ൽ 9757ആയിരുന്നു വോട്ടുനില.
പെരുമ്പാവൂര്‍: സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി 'മത്സര'രംഗത്തില്ലാതിരുന്നത് എല്‍ദോസ് പി. കുന്നപ്പിള്ളിക്ക് ഗുണമായി. 2899 വോട്ടിനാണ് കുന്നപ്പിള്ളി വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1,45,154 വോട്ടില്‍ യു.ഡി.എഫ് 53,484 വോട്ടും എല്‍.ഡി.എഫ് 50,885 വോട്ടും എന്‍.ഡി.എ 15,205 വോട്ടും ട്വൻറി20 20,577 വോട്ടും നേടി.
2016ല്‍ കുന്നപ്പിള്ളിക്ക് 7080 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ ട്വൻറി20 നേടിയ വോട്ടുകള്‍ കുന്നപ്പിള്ളിയുടെ ഭൂരിപക്ഷത്തിന് തിരിച്ചടിയായി. എല്‍.ഡി.എഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതായും സംശയിക്കുന്നു.
ബാബു ജോസഫിെൻറ തട്ടകമായ കൂവപ്പടി പഞ്ചായത്തിലും അദ്ദേഹത്തിന് വോട്ട് കുറഞ്ഞത് ശ്രദ്ധേയമാണ്. കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ യു.ഡി.എഫിന് വോട്ട് കുറഞ്ഞു.
ഒക്കലില്‍ ട്വൻറി20 പ്രവര്‍ത്തനം ശക്തമായിരുന്നു. എന്‍.ഡി.എ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സി.പി.എമ്മിെൻറ ശക്തി കേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ അവരുടെ പ്രതിനിധിയല്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍തന്നെ പരാജയം മണത്തിരുന്നു. അടുത്തകാലത്ത് ഘടകക്ഷിയായി കടന്നുവന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്തതിലുള്ള മുറുമുറുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് തൊട്ടുമുന്നേ ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധം പാര്‍ട്ടി വേദികളില്‍ പലരും ഉന്നയിച്ചു. പാര്‍ട്ടി പ്രതിനിധി എതിരാളിയായാല്‍ കുന്നപ്പിള്ളി തോല്‍ക്കുമെന്ന് കോണ്‍ഗ്രസുകാര്‍തന്നെ ഭയന്നിരുന്നു.
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. എന്‍.സി. മോഹനനെ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്‍.സി രംഗത്തുവന്നാല്‍ മത്സരം കഠിനമാകുമെന്ന ആശങ്ക കോണ്‍ഗ്രസ് പാളയത്തിലുണ്ടായി. പാര്‍ട്ടിയിലെ പ്രമുഖരെ തഴഞ്ഞ് ഘടകക്ഷിക്ക് സീറ്റുകൊടുത്തത് അണികളില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. 'അരിവാള്‍ ചുറ്റികയില്‍' സമ്മതിദാനം രേഖപ്പെടുത്തിയിരുന്ന പരമ്പരാഗത പാര്ട്ടിക്കാര് പ്രത്യേകിച്ച്, പഴയ തലമുറ 'രണ്ടിലയില്‍' വോട്ട് ചെയ്യാന്‍ വൈമനസ്യം കാണിച്ചിട്ടുണ്ടെന്നതും വരാനിരിക്കുന്ന ചര്‍ച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.