ചൂർണിക്കര: മുട്ടം ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ അശാസ്ത്രീയ നിർമാണങ്ങൾ മൂലം കിണറുകളിൽ വെള്ളം ലഭിക്കാത്ത അവസ്ഥയായി. വേനൽ കടുത്തതോടെ കനാലിൽ വെള്ളം വരുമ്പോൾ കിണറുകളിൽ വെള്ളത്തിന്റെ ലഭ്യത ഉണ്ടായിരുന്നു.
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ കുടിവെള്ളത്തിന് ഏറ്റവും ക്ഷാമമുള്ള പ്രദേശമാണ് മുട്ടം. കനാലിൽ മൈനർ ഇറിഗേഷൻ വർക്ക് നടത്തിയപ്പോൾ വെള്ളം താഴേക്ക് ഇറങ്ങാത്ത രീതിയിൽ പ്രതല ഭാഗം കോൺക്രീറ്റ് ചെയ്തതു കൊണ്ടാണ് കിണറുകളിൽ വെള്ളം എത്താത്തത്.
കനാലിന്റെ രണ്ടു വശവും കെട്ടിയപ്പോൾ അടിഭാഗവും കോൺക്രീറ്റ് ചെയ്തതാണ് പ്രശ്നമായത്. കനാലിന്റെ അടിഭാഗം കോൺക്രീറ്റ് ചെയ്തപ്പോൾ ഇടക്കിടെ ഹോൾ ഇട്ടു കൊടുത്തിരുന്നെങ്കിൽ വെള്ളം താഴേക്ക് ഇരിക്കുമായിരുന്നു. അതുമൂലം കിണറുകളിൽ ജലലഭ്യതയും ഉണ്ടാകുമായിരുന്നു.
പണി നടക്കുന്ന സമയത്ത് സമീപവാസികൾ പ്രശ്നം ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, അവരാരും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക്ക്, അംഗങ്ങളായ സബിത സുബൈർ, പി.എസ്. യൂസഫ്, റംല അലിയാർ എന്നിവർ പ്രദേശത്തെ പൊതുപ്രവർത്തകരായ സി.പി. നാസർ, സബീർ മുട്ടം എന്നിവരോടൊപ്പം സ്ഥലം സന്ദർശിച്ചു.
തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വെള്ളം താഴേക്ക് ഇരിക്കാവുന്ന രീതിയിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യാമെന്ന് ഉറപ്പുനൽകി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.